അബുദാബി: കൂടുതല്‍ പേര്‍ക്ക് കൊവിഡ് ബാധ റിപ്പോര്‍ട്ട് ചെയ്യപ്പെടുന്ന സാഹചര്യത്തില്‍ യുഎഇയില്‍ നിയന്ത്രണങ്ങളും കര്‍ശനമാക്കുന്നു. മനഃപൂര്‍വം വൈറസ് പരത്താന്‍ ശ്രമിക്കുകയോ അല്ലെങ്കില്‍ വൈറസ് ബാധയോ സംശയമോ മറച്ചുവെയ്ക്കുകയോ ചെയ്താല്‍ കടുത്ത ശിക്ഷ ലഭിക്കുമെന്ന് അധികൃതര്‍ മുന്നറിയിപ്പ് നല്‍കി. അതേസമയം രാജ്യത്ത് അണുനശീകരണ പ്രവര്‍ത്തനങ്ങള്‍ നടക്കുന്ന സമയത്ത് അത്യാവശ്യ കാര്യങ്ങള്‍ക്ക് പുറത്തിറങ്ങാനും വാഹനങ്ങളില്‍ യാത്ര ചെയ്യാനും അനുമതി നല്‍കിയിരുന്ന നടപടിയും നിര്‍ത്തിവെച്ചിട്ടുണ്ട്.

ബോധപൂര്‍വം വൈറസ് പരത്താന്‍ ശ്രമിക്കുന്നവര്‍ക്ക് അഞ്ച് വര്‍ഷം വരെ ജയില്‍ ശിക്ഷയും ഒപ്പം 50,000 ദിര്‍ഹം മുതല്‍ ഒരു ലക്ഷം ദിര്‍ഹം വരെയും പിഴ  ലഭിക്കാം (10 ലക്ഷം മുതല്‍ 20 ലക്ഷം വരെ ഇന്ത്യന്‍ രൂപ). വൈറസ് ബാധ സംബന്ധിച്ച വിവരം അധികൃതരെ അറിയിക്കാതിരുന്നാല്‍ മൂന്ന് വര്‍ഷം വരെ ജയില്‍ ശിക്ഷയും 10,000 ദിര്‍ഹം വരെ പിഴയും ലഭിച്ചേക്കുമെന്നും നിയമവിദഗ്ധര്‍ പറഞ്ഞു.

രാജ്യത്ത് അണുനശീകരണ പ്രവര്‍ത്തനങ്ങള്‍ നടന്നുവരുന്ന രാത്രി എട്ട് മണി മുതല്‍ പുലര്‍ച്ചെ ആറ് വരെ അടിയന്തരമായി പുറത്തിറങ്ങേണ്ടവര്‍ക്ക് ഓണ്‍ലൈനിലൂടെ അപേക്ഷ നല്‍കാന്‍ സാധിച്ചിരുന്നു. ഈ സംവിധാനം കഴിഞ്ഞ ദിവസം മുതല്‍ നിര്‍ത്തിവെച്ചിട്ടുണ്ട്. എന്നാല്‍ രാവിലെ ആറ് മുതല്‍ രാത്രി എട്ട് വരെ പുറത്തിറങ്ങാന്‍ പ്രത്യേക അനുമതിയുടെ ആവശ്യമില്ല. ഭക്ഷ്യ വസ്തുക്കളും മരുന്നും വാങ്ങോനോ ആരോഗ്യപ്രശ്നങ്ങള്‍ സംബന്ധിച്ച കാരണങ്ങള്‍ കൊണ്ടോ അല്ലാതെ മറ്റൊരു കാര്യത്തിന് വേണ്ടിയും പുറത്തിറങ്ങരുതെന്നാണ് അധികൃതരുടെ നിര്‍ദേശം. 

എന്നാല്‍ അവശ്യ വിഭാഗങ്ങളായ ഊര്‍ജം, വാര്‍ത്താവിനിമയം, ആരോഗ്യം, വിദ്യാഭ്യാസം, സുരക്ഷ, പൊലീസ്, മിലിട്ടറി, തപാല്‍, ഷിപ്പിങ്, ഫാര്‍മസി, വെള്ളം, ഭക്ഷണം, വ്യോമയാനം, എയര്‍പോര്‍ട്ട്, പാസ്പോര്‍ട്ട്, ഫിനാന്‍സ്, ബാങ്കിങ്, ഗവണ്‍മെന്റ് മീഡിയ, സേവന മേഖലകള്‍, ഗ്യാസ് സ്റ്റേഷന്‍, നിര്‍മാണ മേഖല തുടങ്ങിയവയ്ക്ക് നിയന്ത്രണത്തില്‍ ഇളവുണ്ട്.