യുഎഇയിലെ ഏറ്റവും സ്വാധീനമുള്ള വനിതകളുടെ പട്ടികയിലെ ഏക മലയാളിയായി ഷഫീന യൂസഫലി. ബിസിനസിനൊപ്പം കലാപ്രവർത്തനങ്ങളിലും ശ്രദ്ധേയായ ഷഫീന, കാലകാരൻമാർക്ക് പിന്തുണ നൽകിയാണ് റിസ്ക് ആർട്ട് ഇനീഷ്യേറ്റീവ് സ്ഥാപിച്ചത്.

ദുബൈ: യുഎഇയിലെ ഏറ്റവും സ്വാധീനമുള്ള വനിതകളുടെ പട്ടികയിലെ ഏക മലയാളിയായി ഷഫീന യൂസഫലി. രാഷ്ട്രീയം, വ്യവസായം, കായികം, കലാ സാംസ്കാരിക രം​ഗങ്ങൾ തുടങ്ങിയ വിവിധ മേഖലകളിലായി കൈയ്യൊപ്പ് ചാർത്തിയ യുഎഇയിലെ ഏറ്റവും സ്വാധീനമുള്ള വനിതകളുടെ പട്ടികയാണ് പുറത്തുവിട്ടത്. ഇതിലുൾപ്പെട്ട ഏക മലയാളിയാണ് റിസ്ക് ആർട്ട് ഇനീഷ്യേറ്റീവ് സ്ഥാപകയും സംരംഭകയുമായ ഷഫീന യൂസഫലി.

ബിസിനസിനൊപ്പം കലാപ്രവർത്തനങ്ങളിലും ശ്രദ്ധേയായ ഷഫീന, കാലകാരൻമാർക്ക് പിന്തുണ നൽകിയാണ് റിസ്ക് ആർട്ട് ഇനീഷ്യേറ്റീവ് സ്ഥാപിച്ചത്. കേരളത്തിലെയും ഗൾഫിലെയും കാലകാരൻമാർക്ക് ആഗോള വേദി ഉറപ്പാക്കിയും പുതിയ അവസരങ്ങൾ ലഭ്യമാക്കിയുമാണ് റിസ്ക് ആർട്ട് ഇനീഷ്യേറ്റീവിന്‍റെ പ്രവർത്തനം. ലുലു ഫിനാൻഷ്യൽ ഹോൾഡിങ്‌സിന്‍റെ മാനേജിങ് ഡയറക്ടർ അദീബ് അഹമ്മദാണ് ഷഫീന യൂസഫലിയുടെ ഭർത്താവ്. ലുലു ​ഗ്രൂപ്പ് ചെയർമാൻ എം.എ യൂസഫലിയുടെ പാത പിന്തുടർന്ന് സംരംഭകത്തിനൊപ്പം സാമൂഹികസേവന രം​ഗത്തും ഏറെ ശ്രദ്ധാലുവാണ് മകൾ ഷഫീന യൂസഫലി.

അബുദാബി ആസ്ഥാനമായി ബിസിനസ് രംഗത്ത് സജീവമായ ഷഫീന യൂസഫ് അലി, യുകെയിലെ ഓക്സ്ഫോർഡ് സർവ്വകലാശായിൽ നിന്നും എം.ബി.എയും, കേംബ്രിഡ്ജ് സർവ്വകലാശയിൽ നിന്നും ആർട്ട്സിൽ മാസ്റ്റർ ഡിഗ്രിയും കരസ്ഥമാക്കിയ ശേഷം, പി.എച്ച്.ഡിയും ചെയ്തുവരുന്നു. ലാൻഡ്മാർക്ക് ​ഗ്രൂപ്പ് ചെയർവുമൺ രേണുക ജഗ്തിയാനി, അപ്പാരൽ ​ഗ്രൂപ്പ് സ്ഥാപക സീമ വേദ് എന്നിവരാണ് പട്ടികയിൽ ഇടം നേടിയ മറ്റ് ഇന്ത്യക്കാർ. യുഎഇയിലെ നാല് വനിതാ മന്ത്രിമാർ, മുൻ ഫെഡൽ നാഷ്ണൽ കൗൺസിൽ ചെയർപേഴ്സൺ, എമിറാത്തി ഒളിംപ്യൻ അടക്കം 50 പേരുടെ പട്ടികയാണ് പ്രസിദ്ധീകരിച്ചത്. മുതിർന്ന മാധ്യമപ്രവർത്തക ബർഖ ദത്താണ് ഖലീജ് ടൈംസിന്റെ 'പവർ വുമൺ' പട്ടിക ദുബൈയിൽ നടന്ന ചടങ്ങിൽ പ്രസിദ്ധീകരിച്ചത്.

യുഎഇ രാജ്യാന്തര സഹകരണ വകുപ്പ് സഹമന്ത്രി റീം ബിൻത് ഇബ്രാഹിം അൽ ഹാഷിമി, യുഎഇ സംരംഭക വകുപ്പ് സഹമന്ത്രി ആലിയ ബിൻത് അബ്ദുള്ള അൽ മസ്രുയി, സഹമന്ത്രിമാരായ ലാന നുസൈബെഹ്, മുൻ ഫെഡൽ നാഷ്ണൽ കൗൺസിൽ ചെയർപേഴ്സൺ ഡോ. അമൽ എ. അൽ ഖുബൈസി, യുഎഇ സഹമന്ത്രി ഷമ്മ അൽ മസ്രുയി എന്നിവരാണ് ആദ്യ റാങ്കിൽ ഉള്ളത്. ​​IUCN പ്രസിഡന്റ് റാസൻ അൽ മുബാറക്ക്, ദുബായ് മീഡിയ കൗൺസിൽ വൈസ് ചെയർപേഴ്സൺ ആൻഡ് മാനേജിം​ഗ് ഡയറക്ടർ മോന അൽ മാരി, എമിറാത്തി ഒളിംപ്യൻ ഷോജംമ്പർ ഷെയ്ഖ ലത്തീഫ ബിൻത് അഹമ്മദ് അൽ മക്തൂം തുടങ്ങിയവരും പട്ടികയിൽ ആദ്യ പട്ടികയിൽ ഇടം നേടി.