ദുബായ്: ഭാര്യയും മകളുമായി വീട്ടിലേക്കു മടങ്ങുന്നതിന്റെ സന്തോഷം മുഖപുസ്തകത്തില്‍ പങ്കുവച്ച് അഞ്ചുമണിക്കൂറിനുള്ളില്‍ ഷറഫുദ്ദീന്‍ ജീവിത്തില്‍ നിന്നും വിടവാങ്ങി. പാവങ്ങള്‍ക്ക് ഭക്ഷണം കൊടുക്കാന്‍ കാശ് ഏല്‍പിച്ചുകൊണ്ട് നാട്ടിലേക്ക് മടങ്ങിയ ഷറഫു മരണം മുന്നില്‍ കണ്ടിരുന്നതായി സുഹൃത്തുക്കള്‍ പറയുന്നു. 

'ബാക് ടു ഹോം എന്ന കുറിപ്പോടെ കുടുംബത്തോടൊപ്പം വിമാനത്തിലിരിക്കുന്ന ചിത്രം ഫേസ്ബുല്‍ പോസ്റ്റ് ചെയ്യുമ്പോള്‍  കുന്ദമംഗലം സ്വദേശി ഷറഫു കരുതിയിരിക്കില്ല, അത് അവസാനത്തെ യാത്രയാകുമെന്ന്. പരുക്കേറ്റ ഭാര്യയും മകളും ചികിത്സയിലാണ്. വർഷങ്ങളായി യുഎഇയിലുള്ള ഷറഫു പിലാശ്ശേരി, ദുബായിലെ നാദകിലാണ് ജോലി ചെയ്തിരുന്നത്. നല്ലൊരു സൗഹൃദ വലയത്തിനുടമയായിരുന്ന അദ്ദേഹം സാമൂഹിക സേവന രംഗത്തും സജീവമായിരുന്നു. പക്ഷേ ഇക്കുറി നാട്ടിലേക്കു മടങ്ങുമ്പോള്‍ പ്രിയ സുഹൃത്ത് മരണം മുന്നില്‍ കണ്ടതായി സുഹൃത്തുക്കള്‍ പറയുന്നു. പാവങ്ങള്‍ക്ക് ഭക്ഷണം കൊടുക്കാന്‍ കാശ് ഏല്‍പിച്ചുകൊണ്ടായിരുന്നു യാത്ര.

യാത്ര പുറപ്പെടുന്നതിന് മുമ്പ് രാവിലെ സുഹൃത്തിനടുത്തെത്തി കൈയിലുണ്ടായിരുന്ന പണം മുഴുവന്‍ ഏല്‍പ്പിച്ച ശേഷം ഇത് പാവങ്ങള്‍ക്ക് ഭക്ഷണം നല്‍കണമെന്നും യാത്ര പുറപ്പെടുമ്പോള്‍ മുമ്പില്ലാത്ത വിധത്തില്‍ ഒരു വിഷമം മനസിലുണ്ടെന്നും ഷറഫു സുഹൃത്ത് ഷാഫിയോട് പറഞ്ഞു. കുടുംബവും ഒപ്പമുണ്ടല്ലോ അവര്‍ക്കൊപ്പം ക്വാറന്റീനില്‍ കഴിയുന്നതിന് എന്തിനാണ് വിഷമമെന്ന് സുഹൃത്ത് ചോദിച്ചപ്പോള്‍ എന്താണെന്ന് അറിയില്ല മനസിലൊരു വിഷമമെന്ന് പറഞ്ഞ് കരഞ്ഞുകൊണ്ടാണ് യാത്ര പറഞ്ഞിറങ്ങിയതെന്ന് ഷാഫി പറഞ്ഞു.

നേരത്തേ നാട്ടിലേക്ക് പോകാന്‍ തീരുമാനിച്ചതാണെങ്കിലും കൊവിഡിന്റെ വ്യാപനം കുറയാന്‍ കാത്തിരുന്നു. ലോക് ഡൗണില്‍ വീട്ടിനകത്ത് ഒതുങ്ങിക്കൂടാതെ പാവങ്ങള്‍ക്ക് ഭക്ഷണമെത്തിക്കാന്‍ ഈ ചെറുപ്പക്കാരന്‍ പ്രത്യേക താല്‍പര്യംകാട്ടി. അങ്ങനെ സ്വന്തം ജീവന്‍പോലും വകവെക്കാതെ മഹാമാരിക്കാലത്ത് ഓടിനടന്ന ഷറഫു നീണ്ട ഇടവേളയ്ക്ക് ശേഷം വീട്ടുകാരേയും കൂടപ്പിറപ്പുകളേയും കാണാന്‍ സന്തോഷത്തോടെ നാട്ടിലേക്ക് മടങ്ങിയതായിരുന്നു.
"