ഷാര്‍ജ: പ്രവാസികളെ നാട്ടിലെത്തിക്കുന്നതിനായി ഷാര്‍ജ എയര്‍പോര്‍ട്ട് ട്രാവല്‍ ഏജന്‍സി( സാറ്റ)യുടെ ചാര്‍ട്ടര്‍ വിമാനത്തിന് ദുബായിലെ ഇന്ത്യന്‍ കോണ്‍സുലേറ്റ് അനുമതി നല്‍കി. ഷാര്‍ജയില്‍ നിന്നും പ്രവാസികളുമായി തിരുവനന്തപുരത്തേക്കുള്ള എയര്‍ അറേബ്യ വിമാനത്തിനാണ് അനുമതി ലഭിച്ചത്. 

168 യാത്രക്കാരാണ് ഈ വിമാനത്തില്‍ നാട്ടിലെത്തുന്നത്. ജൂണ്‍15ന് ഷാര്‍ജ എയര്‍പോര്‍ട്ടില്‍ നിന്ന് വിമാനത്തിന് പുറപ്പെടാനുള്ള അനുമതി ദുബായിലെ ഇന്ത്യന്‍ കോണ്‍സുലേറ്റ് സാറ്റയ്ക്ക് നല്‍കുകയായിരുന്നു. ഷാര്‍ജ വിമാനത്താവളത്തിലെ അറൈവല്‍, ഡിപ്പാര്‍ച്ചര്‍ ഏരിയകളില്‍ ഓഫീസുകളുള്ള സാറ്റ സംഘം വിമാനത്തിലെ യാത്രക്കാരായ 168 പേരെയും നിയന്ത്രിക്കാനും അവര്‍ക്ക് ആവശ്യമുള്ള സഹായങ്ങള്‍ നല്‍കാനും പ്രത്യേക ശ്രദ്ധ പുലര്‍ത്തി.

 യാത്രക്കാരുടെയും വിമാന ജീവനക്കാരുടെയും സുരക്ഷയാണ് സാറ്റയെ സംബന്ധിച്ചിടത്തോളം പരമപ്രധാനം. അതുകൊണ്ട് തന്നെ  കൊവിഡ് 19 പ്രതിരോധ മാര്‍ഗനിര്‍ദ്ദേശങ്ങള്‍ കര്‍ശനമായി പാലിച്ചിരുന്നു. ഇതിനോടൊപ്പം തന്നെ ഷാര്‍ജ വിമാനത്താവളം നിഷ്കര്‍ഷിക്കുന്ന രീതിയില്‍ എല്ലാ യാത്രക്കാരെയും കൊവിഡ് ദ്രുതപരിശോധനയ്ക്ക് വിധേയമാക്കി. ഷാര്‍ജ എയര്‍പോര്‍ട്ട് ട്രാവല്‍ ഏജന്‍സിയുടെ ഇന്ത്യയിലേക്കുള്ള നിരവധി ചാര്‍ട്ടര്‍ വിമാനങ്ങളില്‍ ആദ്യത്തേതിനാണ് തിരുവനന്തപുരത്തേക്ക് പുറപ്പെടാന്‍ അനുമതി ലഭിച്ചത്. 

വരും ദിവസങ്ങളില്‍ കൂടുതല്‍ ചാര്‍ട്ടര്‍ വിമാനങ്ങള്‍ സര്‍വ്വീസ് നടത്തുമെന്ന് സാറ്റ ഡെപ്യൂട്ടി ജനറല്‍ മാനേജര്‍ തോമസ് വര്‍ഗീസ് അറിയിച്ചു. പ്രവാസികളുടെ നാട്ടിലേക്കുള്ള മടക്കത്തിനായുള്ള വിമാനങ്ങളെ സംബന്ധിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ക്ക് ഷാര്‍ജ എയര്‍പോര്‍ട്ട് ട്രാവല്‍ ഏജന്‍സിയുടെ  www.satatravels.com എന്ന വെബ്‌സൈറ്റ് സന്ദര്‍ശിക്കുക. 

ഷാര്‍ജ എയര്‍പോര്‍ട്ട് ട്രാവല്‍ ഏജന്‍സിയുടെ വെബ്‌സൈറ്റ് വഴി പ്രവാസികള്‍ക്ക് മടക്കയാത്രയ്ക്കുള്ള വിമാനങ്ങളിലേക്ക് രജിസ്റ്റര്‍ ചെയ്യാവുന്നതാണ്. കൂടുതല്‍ വിവരങ്ങള്‍ക്കും സഹായത്തിനുമായി ബന്ധപ്പെടേണ്ട നമ്പറുകള്‍- ഷാര്‍ജ- +97165618888, +971501069914(Mob)
ദുബായ്- + 97142599788, +971566800072(Mob)

ചിത്രം: ഈ ദൗത്യത്തിന് പിന്നില്‍ പ്രവര്‍ത്തിച്ച സാറ്റ സീനിയര്‍ മാനേജ്‌മെന്‍റ് അംഗങ്ങളും ഷാര്‍ജ എയര്‍പോര്‍ട്ട് ഡയറക്ടര്‍മാരും.

എച്ച് ഇ ശൈഖ് ഫൈസല്‍ ബിന്‍ സഔദ്‌ അല്‍ ഖാസിമി (ഡയറക്ടര്‍, ഷാര്‍ജ എയര്‍പോര്‍ട്ട്), ഡൊണാള്‍ഡ് ഡിസൂസ  (കൊമേഴ്‌സ്യല്‍ ഡയറക്ടര്‍, ഷാര്‍ജ എയര്‍പോര്‍ട്ട്), അര്‍ഷാദ് മുനീര്‍  (ജനറല്‍ മാനേജര്‍, ഷാര്‍ജ എയര്‍പോര്‍ട്ട് ട്രാവല്‍ ഏജന്‍സി), തോമസ് വര്‍ഗീസ് (ഡെപ്യൂട്ടി ജനറല്‍ മാനേജര്‍, ഷാര്‍ജ എയര്‍പോര്‍ട്ട് ട്രാവല്‍ ഏജന്‍സി).