Asianet News MalayalamAsianet News Malayalam

യുഎഇ വെള്ളപ്പൊക്കം; മാറ്റിപ്പാര്‍പ്പിച്ച കുടുംബങ്ങള്‍ക്ക് 10 ലക്ഷം രൂപ ധനസഹായം പ്രഖ്യാപിച്ചു

65 കുടുംബങ്ങള്‍ക്ക് ഈ തുക പ്രയോജനകരമാകുമെന്നാണ് വിലയിരുത്തല്‍. യുഎഇയില്‍ വിവിധ ഭാഗങ്ങളില്‍ കനത്ത മഴയും വെള്ളപ്പൊക്കവും മൂലം നിരവധി വീടുകളിലും കടകളിലും വെള്ളം കയറിയിരുന്നു. ഏഴ് പേരാണ് വെള്ളപ്പൊക്കത്തെ തുടര്‍ന്ന് മരിച്ചത്.

Sharjah announced Dh50000 aid   for families affected during flood
Author
Sharjah - United Arab Emirates, First Published Aug 9, 2022, 11:12 AM IST

ഷാര്‍ജ: യുഎഇയിലെ കനത്ത മഴയിലും വെള്ളപ്പൊക്കത്തിലും മാറ്റിപ്പാര്‍പ്പിച്ച കുടുംബങ്ങള്‍ക്കായി 50,000 ദിര്‍ഹം (10 ലക്ഷം രൂപ)ധനസഹായം പ്രഖ്യാപിച്ച് യുഎഇ സുപ്രീം കൗണ്‍സില്‍ അംഗവും ഷാര്‍ജ ഭരണാധികാരിയുമായ ശൈഖ് ഡോ. സുല്‍ത്താന്‍ ബിന്‍ മുഹമ്മദ് അല്‍ ഖാസിമി. വെള്ളപ്പൊക്കത്തില്‍ വീടുകളിലേക്ക് വെള്ളം കയറിയത് മൂലം താല്‍ക്കാലിക താമസ സൗകര്യങ്ങളിലേക്ക് മാറി താമസിക്കേണ്ടി വന്ന കുടുംബങ്ങള്‍ക്ക് തുക നല്‍കാനാണ് നിര്‍ദ്ദേശം. 

65 കുടുംബങ്ങള്‍ക്ക് ഈ തുക പ്രയോജനകരമാകുമെന്നാണ് വിലയിരുത്തല്‍. യുഎഇയില്‍ വിവിധ ഭാഗങ്ങളില്‍ കനത്ത മഴയും വെള്ളപ്പൊക്കവും മൂലം നിരവധി വീടുകളിലും കടകളിലും വെള്ളം കയറിയിരുന്നു. ഏഴ് പേരാണ് വെള്ളപ്പൊക്കത്തെ തുടര്‍ന്ന് മരിച്ചത്. ഷാര്‍ജയിലും ഫുജൈറയിലും കുടുങ്ങിയ 870 പേരെ അധികൃതര്‍ രക്ഷപ്പെടുത്തിയിരുന്നു. വീടുകളില്‍ വെള്ളം കയറിയതിനെ തുടര്‍ന്ന് 150 പേരെയും രക്ഷപ്പെടുത്തി. ഇവരെ സുരക്ഷിതമായ രീതിയില്‍ ഹോട്ടലുകളിലേക്കും മറ്റ് താമസ സൗകര്യങ്ങളിലേക്കും മാറ്റിപ്പാര്‍പ്പിച്ചു. 

യുഎഇ പ്രളയം; നിര്‍ത്തിവെച്ച ബസ് സര്‍വീസുകള്‍ പുനരാരംഭിച്ച് ഷാര്‍ജ

അതേസമയം ഫുജൈറയില്‍ മഴക്കെടുതിയിലും മലവെള്ളപ്പാച്ചിലിലും ഉണ്ടായ നാശനഷ്ടങ്ങള്‍ വിലയിരുത്തുന്നതിനായി വിവിധ സര്‍ക്കാര്‍ കേന്ദ്രങ്ങളുടെ സഹകരണത്തോടെ സര്‍വേ ആരംഭിച്ചു. 

സര്‍വേയില്‍ നാശനഷ്ടങ്ങള്‍ സംഭവിച്ച സ്വദേശികളുടെയും വിദേശികളുടെയും കണക്ക് എടുക്കും. വീട്, ഗൃഹോപകരണങ്ങള്‍, ഇലക്ട്രിക്, ഇലക്ട്രോണിക് സാമഗ്രികള്‍ എന്നിങ്ങനെ എല്ലാ നാശനഷ്ടങ്ങളുടെയും കണക്കെടുപ്പ് പൂര്‍ത്തിയാക്കുമെന്ന് അധികൃതര്‍ വ്യക്തമാക്കിയിട്ടുണ്ട്.

യുഎഇ മഴ; പാസ്‍പോര്‍ട്ട് ഉള‍പ്പെടെ വിലപ്പെട്ട രേഖകള്‍ നഷ്ടമായ പ്രവാസികള്‍ ആശങ്കയില്‍ 

ഫുജൈറ: അപ്രതീക്ഷിതമായെത്തിയ മഴയില്‍ നിരവധി പ്രവാസികള്‍ക്ക് പാസ്‍പോര്‍ട്ട് അടക്കമുള്ള വിലപിടിപ്പുള്ള രേഖകള്‍ നഷ്ടമായി. വിലപിടിപ്പുള്ള സാധനങ്ങള്‍ പോലും ഒന്ന് മാറ്റിവെക്കാനുള്ള സമയം ലഭിച്ചില്ല. രാത്രി കടപൂട്ടി താമസ സ്ഥലത്ത് എത്തിയവര്‍ തിരികെയെത്തിയപ്പോള്‍ കണ്ടത് ഹൃദയം പിളരുന്ന കാഴ്ചകളായിരുന്നു.

വ്യാഴാഴ്ച രാത്രി എട്ട് മണിയോടെയായിരുന്നു വെള്ളം കയറിത്തുടങ്ങിയതെന്ന് മലയാളിയായ സജീര്‍ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. ആദ്യം ചെറിയ രീതിയില്‍ കയറിയ വെള്ളം പിന്നീട് വളരെ വേഗം താമസ സ്ഥലങ്ങളിലും വ്യാപാര സ്ഥാപനങ്ങളിലുമെല്ലാം വെള്ളം നിറഞ്ഞു.

യുഎഇയിലെ പ്രളയം; വെള്ളം കയറിയ വാഹനങ്ങള്‍ നന്നാക്കിയെടുക്കാനുള്ള നെട്ടോട്ടത്തില്‍ ഉടമകള്‍

കൊവിഡ് കാരണം പ്രതിസന്ധിയിലായിരുന്ന രണ്ടു വര്‍ഷങ്ങള്‍ക്ക് ശേഷം ജീവിതവും കച്ചവടവുമെല്ലാം ഒന്നു പച്ചപിടിച്ചു വരുന്നതിനിടെയാണ് വേനല്‍കാലത്ത് ഇത്തവണ അപ്രതീക്ഷിത മഴയെത്തിയത്. പെട്ടെന്ന് വെള്ളം കയറിയതിനാല്‍ കച്ചവട സ്ഥാപനങ്ങളില്‍ നിന്ന് വിലപ്പെട്ട സാധനങ്ങള്‍ പോലും എടുത്തുമാറ്റാന്‍ പലര്‍ക്കും സാധിച്ചില്ല. പലരും ഓര്‍ഡറുകള്‍ക്ക് അനുസരിച്ച് വലിയ തോതില്‍ വിലപിടിപ്പുള്ള സാധനങ്ങള്‍ കച്ചവട സ്ഥാപനങ്ങളില്‍ സ്റ്റോക്ക് ചെയ്‍തിരുന്നു. ഇവയെല്ലാം വെള്ളം കയറി നശിച്ചു.   

വിലപ്പെട്ട സാധനങ്ങളൊക്കെ വെള്ളത്തില്‍ ഒഴുകിപ്പോകുന്ന കാഴ്ചകളാണ് പലര്‍ക്കും പിന്നീട് കാണേണ്ടി വന്നത്. അവയെല്ലാം ഇനി ഉപയോഗിക്കാന്‍ സാധിക്കാത്ത അവസ്ഥയിലായി. പാസ്‍പോര്‍ട്ടും, വിദ്യാഭ്യാസ രേഖകളും അടക്കം മഴവെള്ളപാച്ചിലില്‍ ഒഴുകിപോയവര്‍ ആശങ്കയിലാണ്.


 

Follow Us:
Download App:
  • android
  • ios