കെട്ടിടങ്ങള്‍ വാടകയ്‍ക്ക് കൊടുക്കുന്നതിലെ മാനദണ്ഡങ്ങള്‍ ലംഘിച്ച 161 വീട്ടുടമസ്ഥരില്‍ നിന്ന് മുനിസിപ്പാലിറ്റി പിഴ ഈടാക്കി. 169 പേര്‍ക്ക് മുന്നറിയിപ്പുകള്‍ നല്‍കിക്കൊണ്ട് നോട്ടീസുകള്‍ നല്‍കി. പലവീടുകളിലെയും താമസക്കാര്‍ നിയമവിരുദ്ധമായി വീടുകള്‍ വിഭജിക്കുകയും അനധികൃതമായി വൈദ്യുതി കണക്ഷനെടുക്കുകയും ചെയ്‍തിരുന്നു. 

ഷാര്‍ജ: ഷാര്‍ജയില്‍ കുടുംബങ്ങള്‍ താമസിക്കുന്ന പ്രദേശങ്ങളില്‍ നിന്ന് 3963 ബാച്ചിലര്‍മാരെ ഒഴിപ്പിച്ചു. 1514 പരിശോധനകളാണ് ഇതിനായി നടത്തിയത്. അല്‍ ഖാദിസിയ്യില്‍ കുടുംബങ്ങള്‍ക്ക് മാത്രമായി നീക്കിവെച്ചിരുന്ന 185 സ്ഥലങ്ങളില്‍ നിന്നാണ് ഷാര്‍ജ മുനിസിപ്പാലിറ്റി ബാച്ചിലര്‍മാരെ ഒഴിപ്പിച്ചത്.

കെട്ടിടങ്ങള്‍ വാടകയ്‍ക്ക് കൊടുക്കുന്നതിലെ മാനദണ്ഡങ്ങള്‍ ലംഘിച്ച 161 വീട്ടുടമസ്ഥരില്‍ നിന്ന് മുനിസിപ്പാലിറ്റി പിഴ ഈടാക്കി. 169 പേര്‍ക്ക് മുന്നറിയിപ്പുകള്‍ നല്‍കിക്കൊണ്ട് നോട്ടീസുകള്‍ നല്‍കി. പലവീടുകളിലെയും താമസക്കാര്‍ നിയമവിരുദ്ധമായി വീടുകള്‍ വിഭജിക്കുകയും അനധികൃതമായി വൈദ്യുതി കണക്ഷനെടുക്കുകയും ചെയ്‍തിരുന്നു. ഇത്തരത്തില്‍ കണ്ടെത്തിയ 79 വീടുകളുടെ കണക്ഷന്‍ വിച്ഛേദിച്ചതായി ഷാര്‍ജ ഇലക്ട്രിസിറ്റി ആന്റ് വാട്ടര്‍ അതോരിറ്റി അറിയിച്ചു. 

ഷാര്‍ജ ഭരണാധികാരി ഡോ. ശൈഖ് സുല്‍ത്താന്‍ ബിന്‍ മുഹമ്മദ് അല്‍ ഖാസിമിയുടെ നിര്‍ദേശപ്രകാരമായിരുന്നു വ്യാപക പരിശോധന. അല്‍ ഖാദിസിയ പ്രദേശത്ത് മോഷണവും മറ്റ് നിയമവിരുദ്ധ പ്രവൃത്തികളും നടക്കുന്നതായും സ്വകാര്യത ഹനിക്കപ്പെടുന്നുവെന്നും കാണിച്ച് നിരവധിപ്പേര്‍ പരാതി നല്‍കിയിരുന്നു. ഇതിന് പുറമെ യുഎഇ താമസ നിയമങ്ങള്‍ ലംഘിച്ച് 10 പേര്‍ വരെ ഒരു മുറിയില്‍ കഴിഞ്ഞിരുന്നുവെന്നും പരിശോധനകളില്‍ കണ്ടെത്തി.

കുടുംബത്തോടൊപ്പം താമസിക്കുന്നവരുടെ സ്വകാര്യതയും സുരക്ഷയും ഉറപ്പുവരുത്താനുള്ള എല്ലാ നടപടികളും സ്വീകരിക്കുകയാണെന്ന് ഷാര്‍ജ മുനിസിപ്പാലിറ്റി ഡയറക്ടര്‍ ജനറല്‍ താബിത് അല്‍ താരിഫി പറഞ്ഞു. പൊലീസിന്റെ സഹായത്തോടെയായിരുന്നു മുനിസിപ്പാലിറ്റിയുടെ നടപടികള്‍.