ഷാര്‍ജ: അറബ് ലോകത്തും പുറത്തുമുള്ള നൂറുകണക്കിന് പ്രസാധകരെ അണിനിരത്തി 39-ാമത് ഷാര്‍ജ അന്താരാഷ്‍ട്ര പുസ്‍തകമേള നവംബര്‍ നാല് മുതല്‍ 14 വരെ നടക്കും. 'ലോകം ഷാർജയിൽ നിന്ന് വായിക്കുന്നു' എന്നതാണ് ഇത്തവണത്തെ പ്രമേയം. ലോകത്തിലെ മികച്ച മൂന്ന് പുസ്തകമേളകളിലൊന്നായി അറിയപ്പെടുന്ന ഷാര്‍ജ അന്താരാഷ്‍ട്ര പുസ്തക മേള ഇത്തവണ ഓണ്‍ലൈന്‍, ഓണ്‍ലൈന്‍ രീതികള്‍ സമന്വയിപ്പിച്ചുകൊണ്ടാവും സംഘടിപ്പിക്കപ്പെടുന്നത്.

കൊവിഡ് സാഹചര്യത്തില്‍ ആരോഗ്യ സുരക്ഷക്ക് പ്രഥമ പരിഗണന നല്‍കി, ആഗോള സുരക്ഷാ പ്രോട്ടോകോളുകള്‍ പരിഗണിച്ചായിരിക്കും പരിപാടി നടക്കുക. പുസ്‍തക മേളയിലെ സാംസ്‍കാരിക പരിപാടികള്‍ പൂര്‍ണമായി ഓണ്‍ലൈന്‍ രീതിയിലേക്ക് മാറും. എന്നാല്‍ പ്രസാധകര്‍ മുന്‍വര്‍ഷങ്ങളിലേത് പോലെ ഷാര്‍ജ എക്സ്പോ സെന്ററില്‍ തന്നെ അണിനിരക്കും.  പുസ്‍തക പ്രേമികള്‍ക്ക് മേളയിലേക്ക് നേരിട്ടെത്തി പുസ്‍തകങ്ങള്‍ പരിചയപ്പെടുകയും സ്വന്തമാക്കുകയും ചെയ്യാം.