822 കിലോഗ്രാം ക്രിസ്റ്റല്‍ മെത്, 94 കിലോ ഹാഷിഷ്, 251 കിലോ ഹെറോയിന്‍,  46 ലക്ഷം ലഹരി ഗുളികകള്‍ എന്നിവയാണ് പൊലീസ് പിടിച്ചെടുത്തത്.

ഷാര്‍ജ: 2021 തുടക്കം മുതല്‍ 2022 മെയ് വരെ ഷാര്‍ജ പൊലീസിന്റെ ആന്റി നാര്‍കോട്ടിക്‌സ് വിഭാഗം പിടിച്ചെടുത്ത് 13.5 കോടി ദിര്‍ഹം വിലയുള്ള ലഹരിമരുന്നുകള്‍. വാര്‍ഷിക റിപ്പോര്‍ട്ട് അനുസരിച്ച് ഇതേ കാലയളവില്‍ ഉദ്യോഗസ്ഥര്‍ ആകെ 200 ലഹരിമരുന്ന് കടത്ത് കേസുകളാണ് കൈകാര്യം ചെയ്തത്. 

822 കിലോഗ്രാം ക്രിസ്റ്റല്‍ മെത്, 94 കിലോ ഹാഷിഷ്, 251 കിലോ ഹെറോയിന്‍, 46 ലക്ഷം ലഹരി ഗുളികകള്‍ എന്നിവയാണ് പൊലീസ് പിടിച്ചെടുത്തത്. അതേസമയം 81 ലഹരിവിരുദ്ധ ബോധവത്കരണ പരിപാടികളും ഷാര്‍ജ പൊലീസ് സംഘടിപ്പിച്ചു. മുന്‍ വര്‍ഷത്തേക്കാള്‍ 58.8 ശതമാനം കൂടുതലാണിത്. ഇതിന്റെ ഗുണഭോക്താക്കളുടെ എണ്ണത്തില്‍ 37.8 ശതമാനം വര്‍ധനവാണ് ഉണ്ടായത്. 

സാങ്കേതികവിദ്യ വികസിച്ചതോടെ ലഹരിമരുന്ന് കള്ളക്കടത്തിലെ രീതികളും മാറിക്കൊണ്ടിരിക്കുകയാണെന്ന് ലഹരി നിയന്ത്രണ വിഭാഗം മേധാവി ലഫ്. കേണല്‍ മാജിദ് അല്‍ അസം പറഞ്ഞു. സോഷ്യല്‍ മീഡിയ ഉപയോഗപ്പെടുത്തി, സന്ദേശങ്ങളും ചിത്രങ്ങളും വോയിസ് നോട്ടുകളും വഴി രാജ്യത്ത് എവിടെ വേണമെങ്കിലും ലഹരിമരുന്ന് എത്തിക്കാനുള്ള സാധ്യതയുമുണ്ട്. 200ലേറെ ലഹരിമരുന്ന് കടത്തുകള്‍ വിജയകരമായി തടയാനായി. 46 ലക്ഷം ലഹരി ഗുളികകളും 1,630 കിലോഗ്രാം ലഹരി വസ്തുക്കളും പിടിച്ചെടുത്തു. 13.5 കോടി ദിര്‍ഹം വിലവരുന്ന ലഹരിമരുന്നാണ് പിടികൂടിയത്.

Read More-യുഎഇയില്‍ റോഡരികില്‍ ഇരുന്ന പ്രവാസി വാഹനമിടിച്ച് മരിച്ചു; ഡ്രൈവര്‍ക്ക് ശിക്ഷ, നഷ്ടപരിഹാരം

കഴിഞ്ഞ മാസം ഷാര്‍ജയില്‍ 216 കിലോഗ്രാം ലഹരിമരുന്ന് കടത്താനുള്ള ശ്രമം പൊലീസ് പരാജയപ്പെടുത്തിയിരുന്നു. 'പ്രഷ്യസ് ഹണ്ട്' എന്ന് പേരിട്ട ഓപ്പറേഷനിലൂടെയാണ് ഷാര്‍ജ പൊലീസ്, അബുദാബി, ഉമ്മുല്‍ഖുവൈന്‍ പൊലീസുമായി സഹകരിച്ച് ലഹരിമരുന്ന് കടത്ത് തടഞ്ഞത്.

സംഭവത്തില്‍ ഒരു ഏഷ്യക്കാരനെ അറസ്റ്റ് ചെയ്തു. 170 കിലോഗ്രാം കഞ്ചാവ്, 46 കിലോഗ്രാം ക്രിസ്റ്റല്‍ മെത്ത്, 500,000 ക്യാപ്റ്റഗണ്‍ ഗുളികകള്‍ എന്നിവയാണ് പിടിച്ചെടുത്തത്. അന്താരാഷ്ട്ര ലഹരിമരുന്ന് കടത്ത് സംഘം വന്‍ തോതില്‍ ലഹരിമരുന്ന് സമുദ്രമാര്‍ഗം രാജ്യത്തേക്ക് കടത്താന്‍ പദ്ധതിയിടുന്നതായി രഹസ്യ വിവരം ലഭിച്ചിരുന്നെന്ന് ആന്റി നാര്‍കോട്ടിക്‌സ് വിഭാഗം ഡയറക്ടര്‍ ലഫ്. കേണല്‍ മാജിദ് അല്‍ ആസം പറഞ്ഞു. ഉടന്‍ തന്നെ പ്രത്യേക സംഘം രൂപീകരിച്ച് വിശദ വിവരങ്ങള്‍ ശേഖരിച്ചു.

Read More- സൗദിയിൽ ട്രെയിലറുകൾ കൂട്ടിയിടിച്ച് കത്തി; ഡ്രൈവർ വെന്തുമരിച്ചു

സംഭവത്തിലെ മുഖ്യപ്രതി നേരത്തെ രാജ്യത്തേക്ക് എത്തിയതായി ഇതോടെ കണ്ടെത്തി. തുടര്‍ന്ന് പ്രതിയെ സൂക്ഷ്മമായി നിരീക്ഷിച്ചു. ഇതിന് ശേഷം അടുത്തുള്ള എമിറേറ്റില്‍ നടത്തിയ റെയ്ഡില്‍ പ്രതിയെ കയ്യോടെ പിടികൂടുകയായിരുന്നെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു. നാല് ലഹരിമരുന്ന് സംഘത്തിന്റെതാണ് പിടിച്ചെടുത്ത ലഹരിമരുന്നെന്ന് പ്രതി കുറ്റസമ്മതം നടത്തി.