ഷാര്‍ജ: അല്‍ നഹ്ദയിലെ തീപ്പിടുത്തമുണ്ടായ അബ്‌കോ ടവറില്‍ താമസിച്ചിരുന്ന വിദേശികള്‍ ഉള്‍പ്പെടെയുള്ളവര്‍ക്ക് താമസ സൗകര്യം ഒരുക്കാന്‍ ഷാര്‍ജ ചാരിറ്റി അസോസിയേഷന് നിര്‍ദ്ദേശം നല്‍കി സുപ്രിം കൗണ്‍സില്‍ അംഗവും ഷാര്‍ജ ഭരണാധികാരിയുമായ ഡോ. ശൈഖ് സുല്‍ത്താന്‍ ബിന്‍ മുഹമ്മദ് അല്‍ ഖാസിമി. തീപ്പിടത്തത്തില്‍ നശിച്ച കെട്ടിടം വീണ്ടും താമസയോഗ്യമാകുന്നത് വരെ ഇവര്‍ക്ക് വേണ്ട  സൗകര്യങ്ങളെല്ലാം ഉറപ്പാക്കണമെന്നും ശൈഖ് സുല്‍ത്താന്‍ അല്‍ ഖാസിമി നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.

തീപ്പിടുത്തത്തില്‍ നിന്ന് രക്ഷപ്പെട്ടവര്‍ അല്‍താവൂന്‍, അല്‍ നഹ്ദ, അല്‍ ഖാന്‍ എന്നിവിടങ്ങളെ ഹോട്ടലുകളിലാണ് നിലവില്‍ താമസിക്കുന്നത്. ഷാര്‍ജ പൊലീസിനൊപ്പം യുഎഇ റെഡ്ക്രസന്റ്, ഷാര്‍ജ ചാരിറ്റി അസോസിയേഷന്‍ എന്നിവയും ഇവര്‍ക്ക് സഹായങ്ങള്‍ എത്തിച്ച് നല്‍കാന്‍ രംഗത്തുണ്ട്. അബ്കോ ടവര്‍ തീപ്പിടുത്തത്തില്‍ നിന്ന് രക്ഷപ്പെട്ടവരെ സഹായിക്കുന്നതിന് എന്ന രീതിയില്‍ സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിക്കുന്ന വ്യാജവാര്‍ത്തകള്‍ വിശ്വസിക്കരുതെന്ന് ഷാര്‍ജ പൊലീസ് ജനങ്ങള്‍ക്ക് മുന്നറിയിപ്പ് നല്‍കി.

ഷാര്‍ജ ചാരിറ്റി അസോസിയേഷന്‍, എമിറേറ്റ്‌സ് റെഡ് ക്രസന്റ് എന്നിവ  മുഖേനയാണ് സഹായങ്ങള്‍ എത്തിക്കേണ്ടതെന്നും ഷാര്‍ജ പൊലീസ് അറിയിച്ചു. കഴിഞ്ഞ ചൊവ്വാഴ്ചയാണ് മലയാളികള്‍ ഉള്‍പ്പെടെ താമസിച്ചിരുന്ന 50 നിലകളുള്ള അബ്‌കോ ടവറിന് തീപ്പിടിച്ചത്.