ഷാര്‍ജ: പ്രളയബാധിതരായ സുഡാന്‍ ജനങ്ങളെ സഹായിക്കുന്നതിനായി ഷാര്‍ജ ചാരിറ്റി ഇന്റര്‍നാഷണല്‍(എസ് സി ഐ)സ്‌പോണ്‍സര്‍ ചെയ്ത ദുരിതാശ്വാസ വിമാനം സുഡാനിലെത്തി. 20 ടണ്ണിലധികം ദുരിതാശ്വാസ സാധനങ്ങളാണ് വിമാനത്തിലുണ്ടായിരുന്നത്.

പ്രളയബാധിതരായ സുഡാനിലെ ജനങ്ങളെ സഹായിക്കാന്‍ സുപ്രീം കൗണ്‍സില്‍ അംഗവും ഷാര്‍ജ ഭരണാധികാരിയുമായ ശൈഖ് ഡോ. സുല്‍ത്താന്‍ ബിന്‍ മുഹമ്മദ് അല്‍ ഖാസിമിയുടെ നിര്‍ദ്ദേശം അനുസരിച്ച് 'ഷാര്‍ജ മുതല്‍ സുഡാന്‍ വരെ' എന്ന സംരംഭത്തിന്റെ ഭാഗമായാണ് ദുരിതാശ്വാസ സാധനങ്ങളുമായി വിമാനം അയച്ചത്. ഭക്ഷണം, വസ്ത്രങ്ങള്‍, പുതപ്പുകള്‍, മരുന്നുകള്‍, ടെന്റുകള്‍ എന്നിവ ഉള്‍പ്പെടുന്ന സഹായമാണ് എത്തിച്ചു നല്‍കിയത്. ഷാര്‍ജ ചാരിറ്റി ഇന്റര്‍നാഷണല്‍ ചെയര്‍മാന്‍ ശൈഖ് സഖര്‍ ബിന്‍ മുഹമ്മദ് അല്‍ ഖാസിമിയും ഡയറക്ടര്‍ ബോര്‍ഡ് അംഗങ്ങളും എയര്‍പോര്‍ട്ട് അതോറിറ്റി ഉദ്യോഗസ്ഥരും വാളണ്ടിയര്‍ സംഘത്തെ യാത്രയാക്കാനെത്തിയിരുന്നു.