Asianet News MalayalamAsianet News Malayalam

വി മുരളീധരന്റെ വിദേശകാര്യ സഹമന്ത്രിസ്ഥാനം പ്രവാസി മലയാളികള്‍ സ്വാഗതം ചെയ്യുമെന്ന് ശശി തരൂര്‍

വിദേശകാര്യ വകുപ്പില്‍ വിദേശഇന്ത്യക്കാരുടെ കാര്യങ്ങള്‍ക്ക് മേല്‍നോട്ടം വഹിക്കുന്ന ചുമതലകള്‍ അദ്ദേഹത്തെ ഏല്‍പ്പിക്കുന്നതായിരിക്കും ഉചിതമെന്നും അദ്ദേഹം ട്വീറ്റില്‍ വിദേശകാര്യ മന്ത്രി എസ് ജയശങ്കറിനോട് ആവശ്യപ്പെടുന്നു.

shashi tharoor tweets on appointment of V Muraleedharan as MoS MEA
Author
Thiruvananthapuram, First Published May 31, 2019, 3:26 PM IST

തിരുവനന്തപുരം: വി മുരളീധരനെ കേന്ദ്ര വിദേശകാര്യ സഹമന്ത്രിയായി നിയമിച്ച തീരുമാനം ലക്ഷക്കണക്കിന് പ്രവാസി മലയാളികള്‍ സ്വാഗതം ചെയ്യുമെന്ന് ശശി തരൂര്‍ എംപി. ട്വിറ്ററിലൂടെയായിരുന്നു. അദ്ദേഹത്തിന്റെ അഭിപ്രായ പ്രകടനം. വിദേശകാര്യ വകുപ്പില്‍ വിദേശഇന്ത്യക്കാരുടെ കാര്യങ്ങള്‍ക്ക് മേല്‍നോട്ടം വഹിക്കുന്ന ചുമതലകള്‍ അദ്ദേഹത്തെ ഏല്‍പ്പിക്കുന്നതായിരിക്കും ഉചിതമെന്നും അദ്ദേഹം ട്വീറ്റില്‍ വിദേശകാര്യ മന്ത്രി എസ് ജയശങ്കറിനോട് ആവശ്യപ്പെടുന്നു.
 

അതേസമയം കേന്ദ്ര സഹമന്ത്രിയായി ചുമതലയേല്‍ക്കുമ്പോള്‍ തന്റെ മുന്നില്‍ ആദ്യമെത്തുന്നത് പെരുന്നാള്‍ കാലത്തെ പ്രവാസികളുടെ യാത്രാ പ്രശ്നമാണെന്ന് നിയുക്ത വിദേശകാര്യ സഹമന്ത്രി വി മുരളീധരന്‍ പറഞ്ഞു. പ്രവാസികളുടെ പ്രശ്നങ്ങള്‍ക്ക് പരിഹാരം കണ്ടെത്താന്‍ ശ്രമിക്കുമെന്നും അദ്ദേഹം ദില്ലിയില്‍ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.

യാത്രാകൂലിയില്‍ വലിയ വര്‍ദ്ധനവാണുണ്ടാകുന്നത്. ഇക്കാര്യം നേരിട്ട് വിദേശകാര്യ വകുപ്പിന്റെ കീഴില്‍ വരുന്നതല്ല. എന്നാലും പ്രവാസികളുടെ പ്രശ്നമെന്ന നിലയില്‍ സിവില്‍ വ്യോമയാന വകുപ്പുമായി ബന്ധപ്പെട്ട് അതില്‍ എന്ത് പരിഹാരം കണ്ടെത്താന്‍ കഴിയുമെന്ന് പരിശോധിക്കും. ബിജെപി സംസ്ഥാന അധ്യക്ഷനായിരുന്നപ്പോഴും പിന്നീട് എംപി ആയപ്പോള്‍ വിദേശകാര്യ  സ്റ്റാന്റിങ് കമ്മിറ്റി അംഗമെന്ന നിലയിലും പ്രവാസികളുടെ പ്രശ്നങ്ങള്‍ അറിയാന്‍ അവസരം ലഭിച്ചിട്ടുണ്ട്. അവയ്ക്ക് പരിഹാരം കണ്ടെത്താന്‍ ശ്രമിക്കും.

ദുബായില്‍  ജോലി ചെയ്തിരുന്ന മലയാളികള്‍ ഉള്‍പ്പെടെയുള്ള 52 പേര്‍ കമ്പനി പൂട്ടിയതിനാല്‍ മൂന്ന് മാസമായി ശമ്പളമില്ലാതെ ദുരിതമനുഭവിക്കുന്നുവെന്ന വിവരം രണ്ട് ദിവസം മുന്‍പ് തന്റെ ശ്രദ്ധയില്‍പെട്ടു. ഇക്കാര്യം അപ്പോള്‍ തന്നെ മന്ത്രി സുഷമ സ്വരാജിന്റെ ശ്രദ്ധയില്‍പെടുത്തുകയും അവര്‍ക്കെല്ലാം ഇന്നലെ നാട്ടിലേക്ക് മടങ്ങാനുള്ള ഔട്ട് പാസ് ലഭിക്കുകയും ചെയ്തുവെന്നും അദ്ദേഹം പറഞ്ഞു.

കേരളത്തിൽ നിന്നുള്ള ഏക കേന്ദ്രമന്ത്രിയായ വി മുരളീധരൻ വിദേശകാര്യ, പാര്‍ലമെന്‍ററി വകുപ്പുകളിൽ സഹമന്ത്രിയാവും. വിദേശകാര്യ സഹമന്ത്രിയെന്ന നിലയിൽ വിദേശകാര്യ മന്ത്രി എസ് ജയശങ്കറിന് കീഴിലായിരിക്കും മുരളീധരൻ പ്രവർത്തിക്കുക. 
 

Follow Us:
Download App:
  • android
  • ios