ഗ്രേസിനെക്കുറിച്ച് സാമൂഹിക മാധ്യമങ്ങളിലൂടെ അറിഞ്ഞ ശൈഖ് ഹംദാന്‍ നായയുടെ ചികിത്സയും സംരക്ഷണവും ഏറ്റെടുക്കുകയായിരുന്നു. 'ഹലോ ഗ്രേസ്, നീ ഇപ്പോള്‍ സുരക്ഷിത കരങ്ങളിലാണ്. ഇനി നീ കൂടുതല്‍ സന്തോഷവതിയായിരിക്കും'- ശൈഖ് ഹംദാന്‍ ഇന്‍സ്റ്റാഗ്രാമില്‍ കുറിച്ചു.

ദുബൈ: എയര്‍ ഗണ്ണില്‍(Air Gun) നിന്ന് നിരവധി തവണ വെടിയേറ്റ് ഗുരുതരമായി പരിക്കേറ്റ നായയുടെ സംരക്ഷണം ഏറ്റെടുത്ത് ദുബൈ കിരീടാവകാശിയും എക്‌സിക്യൂട്ടീവ് കൗണ്‍സില്‍ ചെയര്‍മാനുമായ ശൈഖ് ഹംദാന്‍ ബിന്‍ മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം(Sheikh Hamdan bin Mohammed bin Rashid Al Maktoum). ഗ്രേസ് എന്ന നായയ്ക്കാണ് എയര്‍ ഗണ്‍ കൊണ്ട് എട്ടിലേറെ തവണ വെടിയേറ്റ് പരിക്കേറ്റത്. 

ഗ്രേസിനെക്കുറിച്ച് സാമൂഹിക മാധ്യമങ്ങളിലൂടെ അറിഞ്ഞ ശൈഖ് ഹംദാന്‍ നായയുടെ ചികിത്സയും സംരക്ഷണവും ഏറ്റെടുക്കുകയായിരുന്നു. 'ഹലോ ഗ്രേസ്, നീ ഇപ്പോള്‍ സുരക്ഷിത കരങ്ങളിലാണ്. ഇനി നീ കൂടുതല്‍ സന്തോഷവതിയായിരിക്കും'- ശൈഖ് ഹംദാന്‍ ഇന്‍സ്റ്റാഗ്രാമില്‍ കുറിച്ചു. കഴിഞ്ഞ മാസം 28നാണ് അറേബ്യന്‍ സലൂകി ഇനത്തില്‍പ്പെട്ട നായയെ ഒരു താമസക്കാരി കണ്ടെത്തിയത്. രണ്ട് പേര്‍ നായയെ വെടിവെക്കുന്നത് കണ്ടെന്ന് ഇവര്‍ അറിയിച്ചെങ്കിലും കുറ്റവാളികളെ പിടികൂടാനായില്ല. പിന്നീട് സന്നദ്ധപ്രവര്‍ത്തകരെത്തി നായയെ ഏറ്റെടുക്കുകയായിരുന്നു.

കെട്ടിടത്തിനുള്ളില്‍ കുടുങ്ങിയ പ്രവാസി യുവാവിനെ രക്ഷപ്പെടുത്തി ദുബൈ പൊലീസ്

ദുബൈ: ദുബൈയില്‍(Dubai) കടയുടെ ബില്‍ബോര്‍ഡിനിടയില്‍ കുടുങ്ങിയ പ്രവാസി യുവാവിനെ രക്ഷപ്പെടുത്തി ദുബൈ പൊലീസ്(Dubai Police). ദെയ്‌റ നായിഫ് ഏരിയയിലാണ് സംഭവം ഉണ്ടായത്. ആഫ്രിക്കന്‍ സ്വദേശിയായ 19കാരനാണ് കെട്ടിടത്തിനുള്ളില്‍ കുടുങ്ങിയത്. 

ഒന്നാം നിലയിലെ ഫ്‌ലാറ്റില്‍ കൂടെ താമസിക്കുന്നയാളുമായി യുവാവ് വാക്കുതര്‍ക്കത്തിലേര്‍പ്പെട്ടു. തുടര്‍ന്ന് ദേഷ്യത്തോടെ കുളിമുറിയിലേക്ക് പോയ 19കാരന്‍ ജനാല വഴി നുഴഞ്ഞിറങ്ങാന്‍ ശ്രമിക്കുന്നതിനിടെ നിയന്ത്രണം വിട്ട് താഴത്തെ നിലയിലുള്ള കടയുടെ ബില്‍ബോര്‍ഡിനിടയില്‍ കുടുങ്ങുകയായിരുന്നു. 

ബില്‍ബോര്‍ഡിനിടെ കുടുങ്ങിയ യുവാവിനെ കണ്ട കടയുടമ ഉടന്‍ തന്നെ പൊലീസില്‍ വിവരം അറിയിക്കുകയായിരുന്നു. തുടര്‍ന്ന് സ്ഥലത്തെത്തിയ രക്ഷാപ്രവര്‍ത്തക സംഘം വിദഗ്ധമായി യുവാവിനെ രക്ഷപ്പെടുത്തി ചികിത്സയ്ക്കായി ആശുപത്രിയില്‍ പ്രവേശിപ്പിച്ചതായി നായിഫ് പൊലീസ് സ്റ്റേഷന്‍ ഡെപ്യൂട്ടി ഡയറക്ടര്‍ കേണല്‍ ഒമര്‍ മൂസ അഷൂര്‍ പറഞ്ഞു.