തന്റെ ഏറ്റവും ഇളയ മകളോടൊപ്പമുള്ള ചിത്രത്തോടെയാണ് ശൈഖ് ഹംദാൻ ഈദ് ആശംസകൾ പങ്കുവെച്ചിരിക്കുന്നത്
ദുബൈ: ദുബൈ കിരീടാവകാശിയും ഉപപ്രധാനമന്ത്രിയും പ്രതിരോധ മന്ത്രിയും ദുബൈ എക്സിക്യൂട്ടിവ് കൗൺസിൽ ചെയർമാനുമായ ശൈഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാശിദ് അൽ മക്തൂം ഈദ് ആശംസകൾ നേർന്നുകൊണ്ട് സാമൂഹിക മാധ്യമങ്ങളിൽ പങ്കുവെച്ച പോസ്റ്റ് ശ്രദ്ധേയമാകുന്നു. തന്റെ ഏറ്റവും ഇളയ മകളോടൊപ്പമുള്ള ചിത്രത്തോടെയാണ് ശൈഖ് ഹംദാൻ ഈദ് ആശംസകൾ പങ്കുവെച്ചിരിക്കുന്നത്.
ബലി പെരുന്നാൾ ആഘോഷത്തിന്റെ വേളയിൽ ഇന്ന് രാവിലെ തന്റെ ഇൻസ്റ്റഗ്രാമിലുള്ള ലക്ഷക്കണക്കിന് ഫോളോവേഴ്സിന് ആശംസകൾ അറിയിച്ചുകൊണ്ട് ഒരു വീഡിയോയും ശൈഖ് ഹംദാൻ പങ്കുവെച്ചിരുന്നു. ബുർജ് അൽ അറബ്, ബുർജ് ഖലീഫ എന്നിവയുടെ പ്രതീകാത്മക പശ്ചാത്തലത്തിൽ പൂക്കൾ കൈയിലേന്തി നിൽക്കുന്ന കുട്ടികളുടെ ആനിമേറ്റഡ് ക്ലിപ്പുകളാണ് പങ്കുവെക്കപ്പെട്ട വീഡിയോയിൽ ഉൾപ്പെടുത്തിയിരുന്നത്. ശൈഖ് മുഹമ്മദ് ബിൻ റാശിദ് തന്റെ ചെറുമകളായ ഹിന്ദിനെ കൈകളിലേന്തിയിട്ടുള്ള ചിത്രവും വീഡിയോയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.
ശൈഖ് ഹംദാന്റെ നാലാമത്തെ കുട്ടിയാണ് ഹിന്ദ്. മാതാവ് ശൈഖ ഹിന്ദ് ബിൻത് മക്തൂം ബിൻ ജുമാ ആൽ മക്തൂമിന്റെ ബഹുമാനാർഥമാണ് കുഞ്ഞിന് ഈ പേര് നൽകിയത്. തന്റെ ജീവിതത്തിലെ പ്രീയപ്പെട്ട നിമിഷങ്ങളെല്ലാം ശൈഖ് ഹംദാൻ സാമൂഹിക മാധ്യമങ്ങളിൽ പങ്കുവെക്കാറുണ്ട്. 17 ദശലക്ഷം പേർ ഇൻസ്റ്റഗ്രാമിൽ ശൈഖ് ഹംദാനെ പിന്തുടരുന്നുണ്ട്. അതുകൊണ്ട് തന്നെ ഈദ് മുബാറക് ആശംസകൾ നേർന്ന്കൊണ്ടുള്ള പോസ്റ്റ് വളരെ പെട്ടെന്ന് തന്നെ ശ്രദ്ധ നേടി. പോസ്റ്റ് ചെയ്ത് ഒരു മണിക്കൂറിനുള്ളിൽ തന്നെ മൂവായിരത്തിലധികം കമന്റുകളും ഒരു ലക്ഷത്തോളം ലൈക്കുകളും ചിത്രത്തിന് ലഭിച്ചു.


