ശൈഖം ഹംദാന്‍ സോഷ്യൽ മീഡിയയില്‍ പങ്കുവെച്ച ചിത്രം വളരെ വേഗം വൈറലായി.
ദുബൈ: അടുത്തിടെയാണ് ദുബൈ കിരീടാവകാശിയും ഉപ പ്രധാനമന്ത്രിയും യുഎഇ പ്രതിരോധ മന്ത്രിയുമായ ശൈഖ് ഹംദാന്‍ ബിന്‍ മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂമിന് നാലാമതൊരു പെൺകുഞ്ഞ് ജനിച്ചത്. സോഷ്യൽ മീഡിയയില്‍ നിരവധി ആരാധകരുള്ള ദുബൈ കിരീടാവകാശി ഏറ്റവും പുതിയതായി പങ്കുവെച്ച ചിത്രമാണ് ഇപ്പോള്‍ വൈറലാകുന്നത്.
ശൈഖ് ഹംദാന്‍റെ നാലാമത്തെ മകളെ കയ്യിലെടുത്ത് ചുംബിക്കുന്ന യുഎഇ വൈസ് പ്രസിഡന്‍റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂമിന്‍റെ ചിത്രമാണിത്. ഹിന്ദ് എന്നാണ് നാലാമത്തെ കൺമണിക്ക് ശൈഖ് ഹംദാന്‍ നല്‍കിയ പേര്. രണ്ട് ആൺകുട്ടികളും രണ്ട് പെൺകുട്ടികളുമായി ദുബൈ കിരീടാവകാശിക്കുള്ളത്. 2021ലാണ് ശൈഖ് ഹംദാന് ഇരട്ട ആൺകുട്ടികൾ ജനിക്കുന്നത്, റാഷിദ്, ശൈഖ എന്നാണ് അവര്‍ക്ക് നല്‍കിയ പേരുകള്‍. 2023ല്‍ അദ്ദേഹം വീണ്ടും പിതാവായി. അടുത്തിടെ ശൈഖ് ഹംദാന്‍ നാലാമത്തെ കൺമണിയെയും വരവേറ്റു. ശൈഖ് ഹംദാന്‍റെ മാതാവ് ശൈഖ ഹിന്ദ് ബിൻത് മക്തൂം ബിൻ ജുമാ ആൽ മക്തൂമിന്‍റെ ബഹുമാനാർഥമാണ് മകൾക്ക് ഹിന്ദ് എന്ന് പേര് നല്‍കിയത്. ശൈഖ് ഹംദാന്‍ പങ്കുവെച്ച ഊഷ്മളമായ ഫോട്ടോ സോഷ്യൽ മീഡിയയില്‍ ശ്രദ്ധേയമാകുകയാണ്.



