അബുദാബി: അബുദാബി എക്സിക്യൂട്ടീവ് കൗൺസിൽ അംഗവും അബുദാബി എക്സിക്യൂട്ടീവ് ഓഫീസ് ചെയർമാനുമായ ശൈഖ് ഖാലിദ് ബിൻ മുഹമ്മദ് ബിൻ സായിദ് അൽനഹ്‍യാന് കൊവിഡ് വാക്സിൻ നൽകി. എല്ലാ സുപ്രധാന മേഖലകളിലെയും മുൻ‌നിരയിൽ പ്രവർത്തിക്കുന്നവർക്ക് വാക്സിൻ നൽകുന്നതിന്റെ ആദ്യ ദിവസം അവലോകനം ചെയ്യുന്നതിനായി  ഖലീഫ ഹോസ്‍പിറ്റൽ സന്ദർശിച്ച സമയത്തായിരുന്നു അദ്ദേഹത്തിനും വാക്സിന്‍ നല്‍കിയത്.

125 രാജ്യങ്ങളിൽ നിന്ന് 31,000 ത്തിലധികം സന്നദ്ധപ്രവർത്തകർ പങ്കെടുക്കുന്ന യുഎഇയിലുടനീളമുള്ള  പരീക്ഷണങ്ങളിലൂടെ വാക്സിൻ സുരക്ഷിതവും ഫലപ്രദവുമാണെന്ന് തെളിയിച്ചിട്ടുണ്ടെന്ന് അബുദാബി മീഡിയാ ഓഫീസ് പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നു. കൊവിഡ് വൈറസ് പടരാതിരിക്കാനും സമൂഹത്തിന്റെ ആരോഗ്യവും സുരക്ഷയും സംരക്ഷിക്കാനും യുഎഇ സ്വീകരിച്ച നടപടികളിലൊന്നാണ് വാക്സിന്‍. ഈ പദ്ധതിയെ പിന്തുണയ്ക്കുന്നതിനും സുപ്രധാന മേഖലകളിലെ തൊഴിലാളികളെ പങ്കെടുപ്പിക്കാൻ പ്രോത്സാഹിപ്പിക്കുന്നതിനുമായാണ് ശൈഖ് ഖാലിദ് ബിൻ മുഹമ്മദ് ബിൻ സായിദിന് വാക്സിന്‍ നല്‍കിയതെന്ന് പ്രസ്താവനയില്‍ പറയുന്നു.