അബുദാബി: തികച്ചും അപ്രതീക്ഷിതമായാണ് ഗുബൈശ റുബയ്യ സഈദ് അല്‍കിത്ബി എന്ന സ്വദേശി വനിതയെ തേടി അബുദാബി കിരീടാവകാശിയും യുഎഇ ഉപസൈന്യാധിപനുമായ ശൈഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്‍യാന്‍‍റെ ഫോണ്‍ കോള്‍ എത്തുന്നത്. സാമൂഹിക സേവനത്തിന് മികച്ച് മാതൃകയായ ഗുബൈശയ്ക്ക് ശൈഖ് മുഹമ്മദ് നന്ദി അറിയിച്ചപ്പോള്‍ അവര്‍ക്ക് സന്തോഷമടക്കാനായില്ല.

അല്‍ഐനിലെ ശുവൈബ് മേഖലയിലാണ് ഗുബൈശയും കുടുംബവും താമസിക്കുന്നത്. താമസസ്ഥലത്തിന് സമീപത്തുള്ള സുരക്ഷാ പരിശോധന കേന്ദ്രത്തിലെ പൊലീസുകാര്‍ക്ക് ആരുടെയും പ്രേരണ കൂടാതെ ഭക്ഷണമെത്തിച്ച് നല്‍കിയ ഗുബൈശയുടെ സദ്പ്രവൃത്തിയാണ് ശൈഖ് മുഹമ്മദിന്റെ പ്രശംസയ്ക്ക് കാരണമായത്.

ഈ പരിശോധനാ കേന്ദ്രം ആരംഭിച്ചത് മുതല്‍ മാസങ്ങളായി അവിടുത്തെ ജീവനക്കാര്‍ക്ക് മുടങ്ങാതെ ഭക്ഷണമെത്തിക്കുകയാണ് ഗുബൈശ, അതും പ്രതിഫലമൊന്നും ആഗ്രഹിക്കാതെ. നമ്മുടെ സ്ത്രീസമൂഹത്തിന് തന്നെ മാതൃകയാണ് ഗുബൈശയെന്ന് ശൈഖ് മുഹമ്മദ് ട്വീറ്റ് ചെയ്തു.