അബുദാബി: യുഎഇ ദേശീയ ദിനത്തോടനുബന്ധിച്ച് സ്വദേശികള്‍ക്കായി 700 കോടി ദിര്‍ഹത്തിന്റെ ഭവന വായ്‍പകള്‍ പ്രഖ്യാപിച്ച് അബുദാബി ഭരണകൂടം. യുഎഇ പ്രസിഡന്റ് ശൈഖ് ഖലീഫാ ബിന്‍ സായിദ് അല്‍ നഹ്‍യാന്റെ നിര്‍ദേശപ്രകാരം അബുദാബി കിരീടാവകാശിയും യുഎഇ സായുധ സേനാ ഉപസൈന്യാധിപനും അബുദാബി എക്സിക്യൂട്ടീവ് കൌണ്‍സില്‍ ചെയര്‍മാനുമായ ശൈഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്‍യാനാണ് ഇത് സംബന്ധിച്ച ഉത്തരവിട്ടത്.

6100 പേര്‍ക്കായാണ് 700 കോടിയുടെ വായ്‍പകള്‍ അനുവദിക്കുന്നത്. ഇവരില്‍ ജോലികളില്‍ നിന്ന് വിരമിച്ച താഴ്‍ന്ന വരുമാനക്കാരെ തിരിച്ചടവില്‍ നിന്ന് ഒഴിവാക്കുകയും ചെയ്‍തിട്ടുണ്ട്. നേരത്തെ പ്രഖ്യാപിച്ചിരുന്ന 15.5 ശതകോടിയുടെ ഭവന പദ്ധതികളുടെ ഭാഗമായാണ് ഇപ്പോഴത്തെ പ്രഖ്യാപനവും. സാമൂഹിക സ്ഥിരതയും പൗരന്മാര്‍ക്ക് മാന്യമായ ജീവിത നിലവാരവും ഉറപ്പുവരുത്താനുള്ള യുഎഇ ഭരണാധികാരികളുടെ താത്പര്യമാണ് ഈ പ്രഖ്യാപനത്തിലൂടെ വ്യക്തമാകുന്നതെന്ന് അബുദാബി മീഡിയാ ഓഫീസ് പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നു.