Asianet News MalayalamAsianet News Malayalam

'നിങ്ങള്‍ക്ക് യുഎഇയില്‍ ഒരു കുടുംബമുണ്ട്, എന്നെ സഹോദരനായി കണക്കാക്കൂ'; ശൈഖ് മുഹമ്മദിന്‍റെ വാക്കുകള്‍...

'നിങ്ങളെ സംരക്ഷിക്കേണ്ടത് കടമ മാത്രമല്ല ഉത്തരവാദിത്തവും കൂടിയാണ്, എന്നെ ഒരു സഹോദരനായി കണക്കാക്കൂ'- ശൈഖ് മുഹമ്മദ് പറഞ്ഞു.

Sheikh Mohamed spoke to families of fallen frontline heroes
Author
Abu Dhabi - United Arab Emirates, First Published Dec 8, 2020, 11:52 AM IST

ദുബൈ: 'നിങ്ങള്‍ ഞങ്ങള്‍ക്ക് നല്‍കിയത് ആത്യന്തികമായ സമ്മാനമാണ്. ഏത് സമയത്തും നിങ്ങളോടുള്ള നന്ദി പ്രകടിപ്പിക്കാന്‍ ഞങ്ങളെ അനുവദിക്കുക. നിങ്ങള്‍ക്ക് യുഎഇയില്‍ ഒരു കുടുംബമുണ്ട്, മുഹമ്മദ് ബിന്‍ സായിദ് എന്ന ഒരു സഹോദരനുമുണ്ട്'- രാജ്യത്തിനായി ജീവന്‍ ത്യജിച്ച കൊവിഡ് മുന്നണിപ്പോരാളികളുടെ കുടുംബാംഗങ്ങളുമായി ഫോണില്‍ സംസാരിച്ച അബുദാബി കിരീടാവകാശിയും യുഎഇ സായുധ സേനാ ഉപമേധാവിയുമായ ശൈഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്‍യാന്‍റെ വാക്കുകളാണിത്. 

മരണപ്പെട്ട കൊവിഡ് പോരാളികളുടെ ഏറ്റവും അടുത്ത കുടുംബാംഗങ്ങളോട് ശൈഖ് മുഹമ്മദ് തിങ്കളാഴ്ച നേരിട്ട് സംസാരിച്ചു. സീനിയര്‍ ലബോറട്ടറി ടെക്‌നീഷ്യനായിരുന്ന അഹമ്മദ് അല്‍ സബായിയുടെ സഹോദരന്‍ മുഹമ്മദ് അല്‍ സബായിയെയാണ് അദ്ദേഹം ആദ്യമായി ഫോണില്‍ വിളിച്ചത്. അല്‍ ഐനിലെ മെഡ് ക്ലിനിക് ഹോസ്പിറ്റലില്‍ ലബോറട്ടറി ടെക്‌നീഷ്യനായിരുന്നു അഹമ്മദ് അല്‍ സബായി. എന്നാല്‍ കൊവിഡ് പോരാട്ടത്തിനിടെ മരണപ്പെടുകയായിരുന്നു അദ്ദേഹം. അന്‍വര്‍ അലി പി, ലെസ്ലി ഓറിന്‍ ഒകാംപോ, ഡോ ബസ്സാം ബെര്‍ണീഹ്, ഡോ സുധീര്‍ വാഷിംകര്‍ എന്നിവരുടെ കുടുംബാംഗങ്ങളെയും ശൈഖ് മുഹമ്മദ് ഫോണില്‍ വിളിച്ച് നന്ദിയും പിന്തുണയും അറിയിച്ചു. 

അല്‍ ഐനിലെ ബുര്‍ജീല്‍ ആശുപത്രിയിലെ ഡോക്ടര്‍ സുധീര്‍ വാഷിംകാറിന്റെ ഭാര്യ ഡോ. വര്‍ഷ വാഷിംകാറിനോടും ശൈഖ് മുഹമ്മദ് സംസാരിച്ചു. 'നിങ്ങളെ സംരക്ഷിക്കേണ്ടത് കടമ മാത്രമല്ല ഉത്തരവാദിത്തവും കൂടിയാണ്, എന്നെ ഒരു സഹോദരനായി കണക്കാക്കൂ'- ശൈഖ് മുഹമ്മദ് പറഞ്ഞു.

'ഇങ്ങനെയുള്ള ആളുകളുടെ ത്യാഗം പകരം വെയ്ക്കാനാവാത്തതാണ്. നിങ്ങള്‍ ഞങ്ങളുടെ സഹോദരിയാണ്, മകളാണ്, ഇത് നിങ്ങളുടെ രാജ്യമാണ്, ഞങ്ങള്‍ നിങ്ങളുടെ കുടുംബവും'- മെഡിക്ലിനിക് അല്‍ ഐന്‍ ഹോസ്പിറ്റലിലെ ഡോ ബസ്സാം ബെര്‍ണീഹയുടെ ഭാര്യ റാണ അല്‍ ബുന്നിയോട് സംസാരിക്കവേ ശൈഖ് മുഹമ്മദ് പറഞ്ഞു.

എയര്‍പോര്‍ട്ട് റോഡിലെ മെഡ് ക്ലിനിക് ഹോസ്പിറ്റലിലെ പേഷ്യന്റ് അഡ്മിനിസ്‌ട്രേറ്ററായിരുന്ന അന്‍വര്‍ അലി പിയുടെ ഭാര്യ തന്‍സീം ബാനുവിനോട് സംസാരിച്ച അബുദാബി കിരീടാവകാശി, നിങ്ങളെ ഒരു കുടുംബമായാണ് കണക്കാക്കുന്നതെന്നും ഇത് നിങ്ങളുടെ വീടാണെന്നും പറഞ്ഞാണ് നന്ദിയും സ്‌നേഹവും അറിയിച്ചത്. ശൈഖ് മുഹമ്മദിന്റെ കരുതലും നന്ദിയും കുടുംബാംഗങ്ങള്‍ക്ക് ആശ്വാസവും സന്തോഷവും പകരുന്നതായിരുന്നു. അദ്ദേഹത്തോട് സംസാരിക്കാന്‍ സാധിച്ചത് അഭിമാനമാണെന്ന് പലരും പ്രതികരിച്ചു. 
 

Follow Us:
Download App:
  • android
  • ios