ദുബൈ: ദുബൈ ഹെല്‍ത്ത് അതിരോറ്റിക്ക് (ഡി.എച്ച്.എ) പുതിയ ചെയര്‍മാനെയും വൈസ് ചെയര്‍മാനെയും നിയമിച്ച്, യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂമിന്റെ ഉത്തരവ്. ദുബൈ കിരീടാവകാശി ശൈഖ് ഹംദാന്‍ ബിന്‍ മുഹമ്മദ് ബിന്‍ റാഷിദാണ് ട്വിറ്ററിലൂടെ ഇക്കാര്യം അറിയിച്ചത്. 

അവദ് സഗീര്‍ അല്‍ കത്ബിയാണ് ഡി.എച്ച്.എയുടെ ചെയര്‍മാന്‍ സ്ഥാനത്ത് നിയമിതനായിരിക്കുന്നത്. ഡോ. അലാവി അല്‍ ശൈഖ് അലിയാണ് പുതിയ ഡെപ്യൂട്ടി ഡയറക്ടര്‍. ഇരുവര്‍ക്കും അഭിനന്ദനങ്ങള്‍ അറിയിച്ച ശൈഖ് ഹംദാന്‍, ദുബൈയിലെ സര്‍ക്കാര്‍ മേഖലയില്‍ നേതൃസ്ഥാനങ്ങളില്‍ യുവാക്കളുടെ പങ്കാളിത്തം ഉറപ്പാക്കേണ്ടത് അത്യാവശ്യമാണെന്നാണ് ശൈഖ് മുഹമ്മദിന്റെ നിലപാടെന്നും വ്യക്തമാക്കി. സര്‍ക്കാറിന്റെ പ്രവര്‍ത്തനം നേരായ ദിശയില്‍ മുന്നോട്ട് പോകാന്‍ ഇത് സഹായകമാവുമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.