Asianet News MalayalamAsianet News Malayalam

ഒപ്പമൊരു ഫോട്ടോയെടുക്കണം; കരഞ്ഞ കുട്ടിയെ കരുതലോടെ ചേര്‍ത്തണച്ച് ദുബൈ ഭരണാധികാരി

പ്രിയ ഭരണാധികാരിയെ കണ്ട സന്തോഷത്തില്‍ ഓടിയെത്തിയ കുട്ടിയെ ശൈഖ് മുഹമ്മദ് ചേര്‍ത്ത് നിര്‍ത്തി ചുംബനം നല്‍കി. അവളുടെ കണ്ണുനീര്‍ തുടയ്ക്കുകയും സംസാരിക്കുകയും ചെയ്തു. തുടര്‍ന്ന് ഫോട്ടോയ്ക്ക് പോസ് ചെയ്ത ശേഷം എക്‌സ്‌പോയുടെ ചിഹ്നമുള്ള ബാഡ്ജ് സമ്മാനമായി അവളുടെ ഉടുപ്പില്‍ പിന്‍ ചെയ്ത് നല്‍കുകയും ചെയ്തു.

Sheikh Mohammed fulfils childs wish to take photo with him
Author
Dubai - United Arab Emirates, First Published Oct 30, 2021, 10:21 PM IST

ദുബൈ: തനിക്കൊപ്പം ഫോട്ടോയെടുക്കണമെന്ന് ആഗ്രഹിച്ച കുട്ടിയെ ചേര്‍ത്തുപിടിച്ച് യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം(Sheikh Mohammed bin Rashid Al Maktoum). എക്‌സ്‌പോ(Expo 2020) നഗരിയില്‍ പ്രിയപ്പെട്ട ഭരണാധികാരിയെ‍ കണ്ടപ്പോഴാണ് അദ്ദേഹത്തിന്റെ അടുത്തെത്തി ഒരു ചിത്രം പകര്‍ത്താന്‍ കുട്ടി ആഗ്രഹിച്ചത്. എന്നാല്‍ തിരക്കിനിടെ അദ്ദേഹത്തിന്‍റെ അടുത്തെത്താന്‍ കുട്ടിക്ക് കഴിഞ്ഞില്ല.

തിരികെ വീട്ടിലേക്ക് മടങ്ങുന്ന വഴി കുട്ടി വളരെയധികം സങ്കടപ്പെട്ടു. ഏറെ പണിപ്പെട്ടാണ് കരയുന്ന കുട്ടിയെ അവളുടെ മാതാവ് ആശ്വസിപ്പിച്ചത്. എന്നാല്‍ ഇതിന്റെ വീഡിയോ പ്രചരിക്കുകയായിരുന്നു. വീഡിയോ ശ്രദ്ധയില്‍പ്പെട്ട ദുബൈ ഭരണാധികാരി എക്സ്പോ വേദിയില്‍ കുട്ടിയ്ക്ക് തന്റെ അടുത്തെത്താനുള്ള അനുവാദം നല്‍കി. 

പ്രിയ ഭരണാധികാരിയെ കണ്ട സന്തോഷത്തില്‍ ഓടിയെത്തിയ കുട്ടിയെ ശൈഖ് മുഹമ്മദ് ചേര്‍ത്ത് നിര്‍ത്തി ചുംബനം നല്‍കി. അവളുടെ കണ്ണുനീര്‍ തുടയ്ക്കുകയും സംസാരിക്കുകയും ചെയ്തു. തുടര്‍ന്ന് ഫോട്ടോയ്ക്ക് പോസ് ചെയ്ത ശേഷം എക്‌സ്‌പോയുടെ ചിഹ്നമുള്ള ബാഡ്ജ് സമ്മാനമായി അവളുടെ ഉടുപ്പില്‍ പിന്‍ ചെയ്ത് നല്‍കുകയും ചെയ്തു. ദുബൈ കിരീടാവകാശിയും എക്‌സിക്യൂട്ടീവ് കൗണ്‍സില്‍ ചെയര്‍മാനുമായ ശൈഖ് ഹംദാന്‍ ബിന്‍ മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം ഇതിന്റെ വീഡിയോ ട്വിറ്ററില്‍ പങ്കുവെച്ചിട്ടുണ്ട്. തന്റെ സന്തോഷം പ്രകടിപ്പിച്ചുകൊണ്ട്  ശൈഖ് മുഹമ്മദിന് കുട്ടി നന്ദി പറയുന്ന വീഡിയോയും പിന്നീട് പുറത്തുവന്നു. 
 

Follow Us:
Download App:
  • android
  • ios