ദുബായ്: യുഎഇയുടെ ചൊവ്വാ പര്യവേക്ഷണ വാഹനമായ 'ഹോപ്പ്' പകര്‍ത്തിയ രണ്ട് ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ച് യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം. ലക്ഷ്യത്തിലേക്കുള്ള യാത്രയില്‍ 100 ദശലക്ഷം കിലോമീറ്ററുകള്‍ പിന്നിട്ടപ്പോള്‍ 'ഹോപ്പ്' പകര്‍ത്തിയ ചിത്രമാണിതെന്ന വിവരണത്തോടെയായിരുന്നു ശൈഖ് മുഹമ്മദിന്റെ പോസ്റ്റ്.

വ്യാഴവും ശനിയും പിന്നിട്ട് ചുവന്ന ഗ്രഹത്തിലേക്ക് സഞ്ചരിക്കുന്ന 'ഹോപ്പിലെ' സ്റ്റാര്‍ ട്രാക്കറാണ് ഈ ഗ്രഹങ്ങളുടെ ചിത്രം പകര്‍ത്തിയത്. ചുവന്ന ഗ്രഹത്തിലേക്കുള്ള വഴിയില്‍ നൂറ് ദശലക്ഷം കിലോമീറ്റര്‍ പിന്നിട്ട 'ഹോപ്പ്' 2021 ഫെബ്രുവരിയില്‍ ലക്ഷ്യസ്ഥാനത്ത് എത്തുമെന്നും ശൈഖ് മുഹമ്മദ് ട്വീറ്റില്‍ വ്യക്തമാക്കി.

ജൂലൈ 20ന് ജപ്പാനിലെ തനെഗഷിമ ബഹിരാകാശ കേന്ദ്രത്തില്‍ നിന്നാണ് യുഎഇയുടെ ചൊവ്വാ പര്യവേഷണ പേടകം വിക്ഷേപിച്ചത്. അല്‍ അമല്‍ എന്ന് പേരിട്ട ദൗത്യത്തിന് മിറ്റ്സുബിഷി H-IIA റോക്കറ്റാണ് ഉപയോഗിച്ചത്. വിക്ഷേപണം കഴിഞ്ഞശേഷം ദുബായ് മുഹമ്മദ് ബിന്‍ റാഷിദ് സ്‍പേസ് സെന്ററിലെ ഗ്രൗണ്ട്‌ സ്റ്റേഷനിലാണ് ഉപഗ്രത്തില്‍ നിന്നുള്ള വിവരങ്ങള്‍ ലഭ്യമാകുന്നത്. 2021 ഫെബ്രുവരിയില്‍ യുഎഇ രാഷ്ട്ര രൂപീകരണത്തിന്റെ അന്‍പതാം വാര്‍ഷികം ആഘോഷിക്കുമ്പോള്‍ രാഷ്ട്രത്തിന്റെ അഭിമാനം ആകാശങ്ങള്‍ക്കും അപ്പുറത്ത് എത്തിച്ച് ഹോപ്പ് ലക്ഷ്യസ്ഥാനത്തുന്നത് കാത്തിരിക്കുകയാണ് യുഎഇ ജനത.