ആകെ 40 സര്‍ക്കാര്‍ വകുപ്പുകളുടെ പ്രവര്‍ത്തനം ഭരണാധികാരി വിലയിരുത്തിയപ്പോള്‍ പലതിലെയും ജീവനക്കാര്‍ 93 ശതമാനത്തിലധികവും സംതൃപ്തരാണെന്നാണ് കണ്ടെത്തിയത്. 

ദുബായ്: അഞ്ച് സര്‍ക്കാര്‍ വകുപ്പുകള്‍ക്ക് കര്‍ശന മുന്നറിയിപ്പുമായി യുഎഇ പ്രധാനമന്ത്രിയും വൈസ് പ്രസിഡന്റും ദുബായ് ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം. ജീവനക്കാരുടെ സംതൃപ്തിയുടെ കാര്യത്തില്‍ പ്രതീക്ഷിച്ച നിലവാരം പുലര്‍ത്താത്ത വകുപ്പുകള്‍ക്കാണ് അദ്ദേഹം മുന്നറിയിപ്പ് നല്‍കിയത്. ഇക്കാര്യം ട്വിറ്ററിലൂടെ ശൈഖ് മുഹമ്മദ് തന്നെ അറിയിക്കുകയും ചെയ്തു.

ഫെഡറല്‍ ഭരണകൂടത്തിന്റെ അഞ്ച് വകുപ്പുകളില്‍ ജീവനക്കാരുടെ സംതൃപ്തി 60 ശതമാനത്തിലും താഴെ മാത്രമാണെന്നാണ് കണ്ടെത്തിയത്. ആകെ 40 സര്‍ക്കാര്‍ വകുപ്പുകളുടെ പ്രവര്‍ത്തനം ഭരണാധികാരി വിലയിരുത്തിയപ്പോള്‍ പലതിലെയും ജീവനക്കാര്‍ 93 ശതമാനത്തിലധികവും സംതൃപ്തരാണെന്നാണ് കണ്ടെത്തിയത്. ജീവനക്കാരുടെ സംതൃപ്തിയാണ് സേവനങ്ങള്‍ തേടിയെത്തുന്നവരുടെ സംതൃപ്തിക്ക് നിദാനം. 60ശതമാനത്തിലും താഴെയുള്ള നിലവാരം അംഗീകരിക്കാന്‍ കഴിയില്ലെന്ന് ശൈഖ് മുഹമ്മദ് ട്വിറ്ററില്‍ കുറിച്ചു. 

തൊഴില്‍ സാഹചര്യങ്ങളിലടക്കം മാറ്റം വരുത്തി ജീവനക്കാരുടെ സംതൃപ്തി തിരിച്ചുപിടിക്കാന്‍ ആറ് മാസത്തെ സമയമാണ് ഭരണാധികാരി അനുവദിച്ചിരിക്കുന്നത്.