ഷാര്‍ജ: ലോകത്തിലെ ഏറ്റവും വലിയ പുസ്‍തകോത്സവമായി അറിയപ്പെടുന്ന ഷാര്‍ജ അന്താരാഷ്ട്ര പുസ്തക മേളയ്ക്ക് തുടക്കമായി. യുഎഇ സുപ്രീം കൗണ്‍സില്‍ അംഗവും ഷാര്‍ജ ഭരണാധികാരിയുമായ ഡോ. ശൈഖ് സുല്‍ത്താന്‍ ബിന്‍ മുഹമ്മദ് അല്‍ ഖാസിമിയാണ് 37-ാമത് മേളയും ഉദ്ഘാടനം ചെയ്തത്. ഷാര്‍ജ കിരിടാവകാശി ശൈഖ് സുല്‍ത്താന്‍ ബിന്‍ മുഹമ്മദ് ബിന്‍ സുല്‍ത്താന്‍ അല്‍ ഖാസിമി, ഷാര്‍ജ ഭരണാധികാരിയുടെ പത്നിയും ഫാമിലി അഫയേഴ്സ് സുപ്രീം കൗണ്‍സില്‍ ചെയര്‍ പേഴ്സണുമായ ശൈഖ ജവാഹിര്‍ ബിന്‍ത് മുഹമ്മദജ് അല്‍ ഖാസിമി എന്നിവരും ചടങ്ങില്‍ പങ്കെടുത്തു. 

അക്ഷരങ്ങളുടെ കഥ എന്ന് പേരിട്ടിരിക്കുന്ന മേള നവംബര്‍ 10 വരെ നീണ്ടുനില്‍ക്കും. ഷാര്‍ജ പുസ്തകമേളയുടെ മുഖ്യ സംഘാടകന്‍ കൂടിയായ ഡോ. ശൈഖ് സുല്‍ത്താന്‍ ബിന്‍ മുഹമ്മദ് അല്‍ ഖാസിമി തന്നെയാണ് ഇതുവരെയുള്ള വര്‍ഷങ്ങളിലും പുസ്തക മേള ഉദ്ഘാടനം ചെയ്തത്. 77 രാജ്യങ്ങളില്‍ നിന്നുള്ള 1874 പ്രസാധകര്‍ മേളയില്‍ അണിനിരക്കും. ആകെ 16 ലക്ഷം ടൈറ്റിലുകളിലായി രണ്ട് കോടി പുസ്തകങ്ങളുണ്ടാവും. മലയാളത്തില്‍ നിന്ന് ഒട്ടുമിക്ക പ്രസാധകരുടെയും സാന്നിദ്ധ്യം മേളയിലുണ്ടാവും. 

ചേതൻ ഭഗത്, ശശി തരൂർ, പെരുമാൾ മുരുകൻ, മനു എസ്. പിള്ള, റസൂൽ പൂക്കുട്ടി, സോഹ അലിഖാൻ, ഡോ. എൽ. സുബ്രഹ്മണ്യം, കരൺ ഥാപ്പർ, പ്രകാശ്‌രാജ്, നന്ദിതാ ദാസ്, ഗൗർ ഗോപാൽ ദാസ്, മനോജ് വാസുദേവൻ, എം.കെ. കനിമൊഴി, ലില്ലി സിങ്‌ തുടങ്ങിയവരാണ് ഇന്ത്യയിൽ നിന്നെത്തുന്ന പ്രമുഖർ. ഇവര്‍ക്കൊപ്പം അബ്ദുല്‍ സമദ് സമദാനി, ഫ്രാൻസിസ് നെറോണ, എസ്. ഹരീഷ്, യു.കെ. കുമാരൻ, ദീപാ നിശാന്ത്, അൻവർ അലി, പി. രാമൻ, ദിവാകരൻ വിഷ്ണുമംഗലം, കെ.വി. മോഹൻകുമാർ, മനോജ് കെ. ജയൻ, സന്തോഷ് ഏച്ചിക്കാനം, സിസ്‌റ്റർ ജെസ്മി, എരഞ്ഞോളി മൂസ്സ തുടങ്ങിയവർ മലയാളത്തെ പ്രതിനിധീകരിച്ച് മേളയിലെത്തും. 

മന്ത്രി കെ.ടി. ജലീൽ, നടൻ ജോയ് മാത്യു, ബിനോയ് വിശ്വം എം.പി., മുൻമന്ത്രി എം.കെ. മുനീർ, മുനവറലി ശിഹാബ് തങ്ങൾ, എൻ.പി. ഉല്ലേഖ് തുടങ്ങി ഒട്ടേറെപ്പേർ അവരുടെ പുസ്തകപ്രകാശനത്തിനായും മേളയിലെത്തുന്നുണ്ട്.