ഷാര്‍ജ: രാജ്യാന്തര പുസ്തക മേളക്ക് ഷാർജയില്‍ തുടക്കം. പതിനൊന്ന് ദിവസം നീളുന്ന മേളയില്‍  81 രാജ്യങ്ങളിൽ നിന്നു 2,000 പ്രസാധകര്‍ പങ്കെടുക്കുന്നുണ്ട്. അൽ താവൂൻ എക്‌സ്‌പോ സെന്‍ററില്‍ ഷാർജ ഭരണാധികാരി ശൈഖ് ഡോ. സുൽത്താൻ ബിൻ മുഹമ്മദ് അൽ ഖാസിമി മുപ്പത്തിയെട്ടാമത് പുസ്തകോത്സവം ഉദ്ഘാടനം ചെയ്തു. 81 രാജ്യങ്ങളിൽ നിന്നു 2,000 പ്രസാധകരാണ് മേളയില്‍ പങ്കെടുക്കുന്നത്. 

വിദേശ രാജ്യങ്ങളിൽ നിന്നു 173 എഴുത്തുകാർ അതിഥികളായെത്തും. സർഗാത്മക സാഹിത്യം, പാചകം, ചിത്രം വര തുടങ്ങിയ ഇനങ്ങളിൽ 987 പരിപാടികൾ 11 ദിവസം നീളുന്ന മേളയില്‍ അരങ്ങേറും. തുറന്ന പുസ്തകങ്ങൾ, തുറന്ന ചിന്തകൾ എന്ന സന്ദേശം ഉയർത്തിപ്പിടിച്ചാണ് ഈ വർഷത്തെ മേള. 

2,000 ചതുരശ്ര മീറ്റർ വിസ്തീർണത്തിലുള്ള ഏഴാം നമ്പർ ഹാളിൽ കേരളത്തിൽ നിന്നുള്ള പ്രസാധകരാണ് മുഖ്യമായും സ്ഥാനം പിടിക്കുക.  നൂറ്റമ്പതിലേറെ മലയാള പുസ്തകങ്ങൾ  ഷാര്‍ജ പുസ്തകമേളയില്‍ പ്രകാശനം ചെയ്യും.  മെക്സിക്കോ ആണ് ഇത്തവണത്തെ അതിഥിരാജ്യം. മലയാളത്തില്‍ നിന്ന് ടി പത്മനാഭന്‍, കെഎസ് ചിത്ര ടൊവീനോ തോമസ് തുടങ്ങി സാംസ്കാരിക പ്രമുഖരുടെ നിര ലോകത്തെ ഏറ്റവും വലിയ മുന്നാമത്തെ പുസ്തകമേളയുടെ ഭാഗമാവും.