വീഡിയോ പ്രചരിച്ചതോടെ മൃഗസംരക്ഷകര്‍ക്കിടെ രോഷം കത്തിപ്പടരുകയാണ്. ഈ കൊടും ക്രൂരതയില്‍ അന്വേഷണം പുരോഗമിക്കുകയാണ്. 

ഷാര്‍ജ: ഷാര്‍ജയില്‍ തെരുവില്‍ അലഞ്ഞ പൂച്ചയോട് കൊടുംക്രൂരത കാട്ടുന്ന വീഡിയോ സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിക്കുന്നു. തെരുവില്‍ അലഞ്ഞ ഒരു പൂച്ചയുടെ ജനനേന്ദ്രിയം ഒരാള്‍ കത്തിക്കുന്ന വീഡിയോയാണ് പ്രാദേശിക മൃഗസംരക്ഷണ ഗ്രൂപ്പുകളിലും സോഷ്യൽ മീഡിയയിലും വ്യാപകമായി പ്രചരിക്കുന്നത്.

മൃഗസംരക്ഷണ പ്രവര്‍ത്തകര്‍ക്കിടയില്‍ വലിയ ഞെട്ടലുണ്ടാക്കിയിരിക്കുകയാണ് വീഡിയോ. വീഡിയോയിലുള്ള സ്ഥലം ഇവര്‍ ഉടന്‍ തന്നെ തിരിച്ചറിഞ്ഞു. ഇത് ബുഹൈറ കോര്‍ണിഷിന് സമീപമുള്ള നൂര്‍ മോസ്കിന് അടുത്താണെന്ന് തിരിച്ചറിഞ്ഞിട്ടുണ്ട്. കയ്യില്‍ സൂക്ഷിച്ച ഒരു ലൈറ്റര്‍ ഉപയോഗിച്ച് പൂച്ചയുടെ ജനനേന്ദ്രിയത്തില്‍ തീകൊളുത്തിയ ഇയാള്‍ ഈ ക്രൂര പ്രവൃത്തിയില്‍ ഏറെ സന്തോഷിക്കുന്നതും ചിരിക്കുന്നതും വീഡിയോയില്‍ കാണാം. ഇയാളുടെ സുഹൃത്താണ് വീഡിയോ പകര്‍ത്തിയത്. ഏതാനും ആഴ്ചകള്‍ക്ക് മുമ്പാണ് ഈ വീഡിയോ ആദ്യമായി സാമൂഹിക മാധ്യമത്തില്‍ പോസ്റ്റ് ചെയ്തതെന്നാണ് വിവരമെന്ന് 'ഖലീജ് ടൈംസ്' റിപ്പോര്‍ട്ട് ചെയ്തു.

വീഡിയോ പ്രചരിച്ചതോടെ സോഷ്യൽ മീഡിയയില്‍ വലിയ രീതിയില്‍ പ്രതിഷേധങ്ങള്‍ ഉയരുകയാണ്. രോഷാകുലരായ മൃഗസംരക്ഷകര്‍ വീഡിയോ പങ്കുവെച്ചു. സഹായം അഭ്യര്‍ത്ഥിച്ച് ഷാര്‍ജ പൊലീസിനെയും ബന്ധപ്പെട്ടിട്ടുണ്ട്. സംഭവത്തില്‍ അന്വേഷണം നടത്തുകയാണെന്നാണ് വിവരം. ഈ മാസം 9-ന് താൻ പോസ്റ്റ് ചെയ്ത വീഡിയോയെക്കുറിച്ച് ഒരുദ്യോഗസ്ഥൻ ബന്ധപ്പെട്ടതായി ദുബൈയിലെ ഒരു ക്യാറ്റ് റെസ്ക്യൂവര്‍ പറഞ്ഞു. പൂച്ചയുടെ ജനനേന്ദ്രിയം ഒരാള്‍ ലൈറ്റര്‍ ഉപയോഗിച്ച് കത്തിക്കുന്നത് ഭയാനകമാണെന്നും എന്നാല്‍ അത് റെക്കോര്‍ഡ് ചെയ്യാനും ഓൺലൈനില്‍ പോസ്റ്റ് ചെയ്യാനുമുള്ള ധൈര്യമാണ് കൂടുതല്‍ ഞെട്ടിച്ചതെന്നും അവര്‍ പറഞ്ഞു. യുഎഇ നിയമം മൃഗങ്ങളോടുള്ള ക്രൂരതയെ കർശനമായി നിരോധിക്കുന്നുണ്ട്. മൃഗങ്ങളെ മനഃപൂർവം കൊല്ലുകയോ ഗുരുതരമായി പരുക്കേൽപ്പിക്കുകയോ ചെയ്യുന്നത് ശിക്ഷാർഹമാണ്. ഇത്തരം കുറ്റങ്ങൾക്ക് ഒരു വർഷം വരെ തടവോ 10,000 ദിർഹം വരെ പിഴയോ ലഭിക്കാം. മൃഗങ്ങളെ ഉപദ്രവിക്കുകയോ പീഡിപ്പിക്കുകയോ ചെയ്യുന്നവർക്ക് 5,000 ദിർഹം വരെ പിഴ ചുമത്തും.