Asianet News MalayalamAsianet News Malayalam

600 കോടി രൂപ മുതല്‍ മുടക്കില്‍ യാമ്പുവില്‍ ലുലു ഗ്രൂപ്പിന്‍റെ ഷോപ്പിംഗ് സമുച്ചയം

സൗദി റോയല്‍ കമ്മീഷന്‍ യാമ്പു മാള്‍ ലുലു ഗ്രൂപ്പിന്. 300 മില്യണ്‍ സൗദി റിയാലാണ്  (600 കോടി രൂപ) പദ്ധതിക്കായി ലുലു ഗ്രൂപ്പ് യാമ്പുവില്‍ നിക്ഷേപിക്കുന്നത്. ലോകത്തിലെ ഏറ്റവും വലിയ സിനിമാ ഓപ്പറേറ്ററായ എം.എം.സിയുടെ സാന്നിധ്യം യാമ്പു മാളിന്റെ സവിശേഷതയാണ്.

shopping complex by LuLu group in Yanbu with an investment of 600 crore
Author
Yanbu Saudi Arabia, First Published Aug 25, 2020, 7:32 PM IST

ജിദ്ദ: സൗദി അറേബ്യയിലെ തുറമുഖ നഗരമായ യാമ്പുവില്‍ പ്രമുഖ റീട്ടെയില്‍ സ്ഥാപനമായ ലുലു ഗ്രൂപ്പിന്റെ പുതിയ ഷോപ്പിംഗ് മാള്‍ വരുന്നു. യാമ്പു സൗദി റോയല്‍ കമ്മീഷന്റെ ടെണ്ടര്‍ നടപടികളില്‍ വിജയിയായതിനെ തുടര്‍ന്നാണ് പ്രസ്തുത പദ്ധതി ലുലുവിന് ലഭിച്ചത്. പദ്ധതി കരാര്‍ യാമ്പു റോയല്‍ കമ്മീഷന്‍ ചീഫ് എക്‌സിക്യൂട്ടീ ഓഫീസര്‍ എഞ്ചിനിയര്‍ അദ് നാന്‍ ബിന്‍ ആയേഷ്  അല്‍ വാനിയും ലുലു ഗ്രൂപ്പ് ചെയര്‍മാന്‍ എം.എ. യൂസഫലിയും തമ്മില്‍ ഒപ്പുവെച്ചു.

കൊവിഡ് പ്രോട്ടോക്കോള്‍ പാലിച്ച് വീഡിയോ കോണ്‍ഫറന്‍സ് വഴിയായിരുന്നു ചടങ്ങ് നടന്നത്.  യാമ്പു റോയല്‍ കമ്മീഷന്‍ ജനറല്‍ മാനേജര്‍ എഞ്ചിനിയര്‍ സെയ് ദന്‍ യൂസഫ്, ലുലു സൗദി ഡയറക്ടര്‍ ഷെഹീം മുഹമ്മദ്, ലുലു ജിദ്ദ റീജണല്‍ ഡയറക്ടര്‍ റഫീഖ് മുഹമ്മദ് എന്നിവരും സംബന്ധിച്ചു. സൗദിയിലെ തുറമുഖ നഗരമായ യാമ്പുവിന്‍റെ ഹൃദയഭാഗത്ത് അനുവദിച്ച 10 ഏക്കര്‍ സ്ഥലത്താണ് ലുലു ഹൈപ്പര്‍മാര്‍ക്കറ്റ് ഉള്‍പ്പെടുന്ന വിശാലമായ ഷോപ്പിംഗ് സമുച്ചയം ഉയര്‍ന്നു വരുന്നത്. 300 മില്യണ്‍ സൗദി റിയാലാണ്  (600 കോടി രൂപ) പദ്ധതിക്കായി ലുലു ഗ്രൂപ്പ് യാമ്പുവില്‍ നിക്ഷേപിക്കുന്നത്. ലോകത്തിലെ ഏറ്റവും വലിയ സിനിമാ ഓപ്പറേറ്ററായ എം.എം.സിയുടെ സാന്നിധ്യം യാമ്പു മാളിന്‍റെ സവിശേഷതയാണ്.

റീട്ടെയില്‍ രംഗത്തെ പ്രമുഖരും ദീര്‍ഘകാലത്തെ അനുഭവസ്ഥരുമായ ലുലു ഗ്രൂപ്പുമായി യാമ്പു മാള്‍ പദ്ധതിക്കുവേണ്ടി കൈക്കോര്‍ക്കുന്നതില്‍ സന്തോഷമുണ്ടെന്ന് യാമ്പു റോയല്‍ കമീഷന്‍ സി.ഇ.ഒ. എഞ്ചിനീയര്‍ അദ് നാന്‍ ബിന്‍ ആയേഷ്  അല്‍ വാനി പറഞ്ഞു. യാമ്പുവിലെയും സമീപ പ്രദേശങ്ങളിലുമുള്ളവര്‍ക്ക് നവീന അനുഭവമായിരിക്കും പദ്ധതി പൂര്‍ത്തിയാകുന്നതോടെ ലഭ്യമാകുകയെന്നും അദ്ദേഹം പറഞ്ഞു.

shopping complex by LuLu group in Yanbu with an investment of 600 crore

യാമ്പു ഷോപ്പിംഗ് മാള്‍ പദ്ധതിക്കായി ലുലു ഗ്രൂപ്പിനെ തെരഞ്ഞെടുത്തതില്‍ സന്തോഷവും അഭിമാനവുമുണ്ടെന്ന് ലുലു ഗ്രൂപ്പ് ചെയര്‍മാന്‍ എം.എ.യൂസഫലി പറഞ്ഞു. ഇതിനായി ലുലുവിന് അവസരം നല്‍കിയതില്‍ സൗദി ഭരണാധികാരികള്‍ക്കും യാമ്പു റോയല്‍ കമ്മിഷനോടും നന്ദിയുണ്ടെന്നും അദ്ദേഹം പറഞ്ഞു. റോയല്‍ കമ്മീഷനുമായി  സഹകരിച്ചുള്ള പ്രസ്തുത പദ്ധതി യാമ്പുവിലെ സ്വദേശികള്‍ക്കും വിദേശികള്‍ക്കും ഏറ്റവും നവീനമായ ഷോപ്പിംഗ് അനുഭവമായിരിക്കും നല്‍കുക. പദ്ധതി പൂര്‍ത്തിയാകുന്നതോട് കൂടി അഞ്ഞൂറില്‍പ്പരം മലയാളികള്‍ ഉള്‍പ്പെടെയുള്ളവര്‍ക്ക് തൊഴില്‍ ലഭ്യമാക്കുമെന്നും യൂസഫലി പറഞ്ഞു.

സൗദി അറേബ്യയിലുള്ള 17 ഹൈപ്പര്‍മാര്‍ക്കറ്റുകള്‍ ഉള്‍പ്പെടെ 191 ഹൈപ്പര്‍മാര്‍ക്കറ്റുകളാണ് ലുലു ഗ്രൂപ്പിന് വിവിധ രാജ്യങ്ങളിലായുള്ളത്. ഹൈപ്പര്‍മാര്‍ക്കറ്റുകള്‍ കൂടാതെ എണ്ണ കമ്പനിയായ അരാംകോയുടെ 12 കൊമ്മിസ്സറികളും സൗദി ദേശീയ സുരക്ഷാ വിഭാഗമായ നാഷണല്‍ ഗാര്‍ഡിന്റെ 8 മിനി മാര്‍ക്കറ്റുകളുടെ നടത്തിപ്പ് ചുമതലയും ലുലുവിനാണ്.

സൗദി അറേബ്യയിലെ മദീന പ്രവിശ്യയിലെ പ്രധാന വ്യാവസായിക നഗരമാണ് യാമ്പു. പെട്രോളിയം റിഫൈനറികളും പെട്രോ കെമിക്കല്‍ ഫാക്ടറികളും അനുബന്ധ വ്യവസായങ്ങളും ധാരാളമായി പ്രവര്‍ത്തിക്കുന്ന ചെങ്കടല്‍ തീരമായ യാമ്പു രാജ്യത്തെ രണ്ടാമത്തെ വലിയ തുറമുഖ നഗരവുമാണ്.

"

Follow Us:
Download App:
  • android
  • ios