അബുദാബി: യുഎഇയില്‍ സിനോഫാം വാക്സിനെടുത്തവര്‍ക്ക് ബൂസ്റ്റര്‍ ഡോസുകള്‍ നല്‍കും. ഇത് സംബന്ധിച്ച തീരുമാനത്തിന് അംഗീകാരമായതായി ചൊവ്വാഴ്‍ചയാണ് ഔദ്യോഗിക അറിയിപ്പുണ്ടായത്. രണ്ടാം ഡോസ് സ്വീകരിച്ച് ആറ് മാസത്തിന് ശേഷമാണ് ബൂസ്റ്റര്‍ ഡോസ് നല്‍കുന്നത്.

ബൂസ്റ്റര്‍ ഡോസ് നല്‍കുന്നതിലും മുതിര്‍ന്ന പൗരന്മാര്‍ക്കും മറ്റ് ഗുരുതര രോഗങ്ങളുള്ളവര്‍ക്കും മുന്‍ഗണന നല്‍കുമെന്ന് യുഎഇ ആരോഗ്യ വിഭാഗം വക്താവ് ഡോ. ഫരീദ അല്‍ ഹുസാനി പറഞ്ഞു. ജനങ്ങള്‍ക്ക് കൊവിഡ് വൈറസ് ബാധയില്‍ നിന്ന് പരമാവധി സുരക്ഷയൊരുക്കുകയെന്ന ലക്ഷ്യത്തിന്റെ ഭാഗമായാണ് തീരുമാനമെന്നും അവര്‍ പറഞ്ഞു.

കുറഞ്ഞത് ആറ് മാസത്തേക്കെങ്കിലും വാക്സിനുകള്‍ സുരക്ഷ നല്‍കുമെന്നാണ് അന്താരാഷ്‍ട്ര തലത്തിലെ പഠനങ്ങള്‍ സൂചിപ്പിക്കുന്നത്. പ്രതിരോധ ശേഷി കുറഞ്ഞവര്‍ക്കും മറ്റ് അസുഖങ്ങളുള്ളവര്‍ക്കുമാണ് സാധാരണയായി ബൂസ്റ്റര്‍ ഡോസുകള്‍ നല്‍കുന്നത്. നേരത്തെ തന്നെ യുഎഇയില്‍ ചിലര്‍ക്ക് ബൂസ്റ്റര്‍ ഡോസുകള്‍ നല്‍കുന്നുവെന്ന പ്രഖ്യാപനം പുറത്തുവന്നിരുന്നു. ഇത് കൂടുതല്‍ പ്രതിരോധ ശേഷി കൈവരിക്കാന്‍ സഹായകമായെന്ന വിലയിരുത്തലാണുണ്ടായത്.