Asianet News MalayalamAsianet News Malayalam

പ്രവാസികള്‍ക്ക് ആശ്വാസം; യുഎഇയിലേക്ക് യാത്ര ചെയ്യാനുള്ള ആറ് നിബന്ധനകള്‍ ഇങ്ങനെ

വിലക്ക് നീങ്ങുന്ന സാഹചര്യത്തില്‍ വിമാന സര്‍വീസുകള്‍ ആരംഭിക്കുന്ന കാര്യത്തിലും ഉടന്‍ പ്രഖ്യാപനമുണ്ടാകുമെന്നാണ് കരുതുന്നത്. 

six covid safety rules that every passenger from India to UAE should comply with
Author
Dubai - United Arab Emirates, First Published Jun 19, 2021, 9:19 PM IST

ദുബൈ: ഇന്ത്യയില്‍ നിന്നുള്ള യാത്രക്കാര്‍ക്ക് യുഎഇ ഏര്‍പ്പെടുത്തിയ പ്രവേശന വിലക്കില്‍ ഭാഗിക ഇളവ് അനുവദിച്ചത് പ്രവാസികള്‍ക്ക് ആശ്വാസകരമാണ്. ദുബൈ ക്രൈസിസ് ആന്റ് ഡിസാസ്റ്റര്‍ മാനേജ്മെന്റ് അതോരിറ്റിയാണ് ശനിയാഴ്‍ച ഇന്ത്യ ഉള്‍പ്പെടെ മൂന്ന് രാജ്യങ്ങളില്‍ നിന്നുള്ളവര്‍ക്ക് നിബന്ധനകള്‍ക്ക് വിധേയമായി പ്രവേശന അനുമതി നല്‍കുമെന്ന് പ്രഖ്യാപിച്ചത്. ജൂണ്‍ 23ന് ഇത് പ്രാബല്യത്തില്‍ വരും. വിലക്ക് നീങ്ങുന്ന സാഹചര്യത്തില്‍ വിമാന സര്‍വീസുകള്‍ ആരംഭിക്കുന്ന കാര്യത്തിലും ഉടന്‍ പ്രഖ്യാപനമുണ്ടാകുമെന്നാണ് കരുതുന്നത്. 

ഇന്ത്യയില്‍ നിന്നുള്ള താമസ വിസക്കാര്‍ക്ക് ദുബൈയിലേക്ക് യാത്ര ചെയ്യാന്‍ ഏര്‍പ്പെടുത്തിയിരിക്കുന്ന ആറ് നിബന്ധനകള്‍ ഇവയാണ്.

  1. യുഎഇ അംഗീകരിച്ച കൊവിഡ് വാക്സിന്റെ രണ്ടു ഡോസുകളും സ്വീകരിച്ചിരിക്കണം. നിലവില്‍ സിനോഫാം, ഫൈസര്‍ - ബയോഎന്‍ടെക്, സ്‍പുട്‍നിക്, ആസ്‍ട്രസെനിക എന്നിവയാണ് യുഎഇ അംഗീകരിച്ച വാക്സിനുകള്‍. 
  2. യാത്ര പുറപ്പെടുന്നതിന് 48 മണിക്കൂറിനകമുള്ള നെഗറ്റീവ് പി.സി.ആര്‍ പരിശോധനാ ഫലം ഹാജരാക്കണം. ഇതില്‍ യുഎഇ സ്വദേശികള്‍ക്ക് ഇളവുണ്ട്. 
  3. ക്യു.ആര്‍ കോഡ് ഉള്‍പ്പെടുത്തിയിട്ടുള്ള പരിശോധനാ ഫലങ്ങള്‍ മാത്രമേ സ്വീകരിക്കുകയുള്ളൂ. 
  4. യാത്ര പുറപ്പെടുന്നതിന് നാല് മണിക്കൂര്‍ മുമ്പ് എല്ലാ യാത്രക്കാരും റാപ്പിഡ് പി.സി.ആര്‍ പരിശോധന നടത്തണം. 
  5. ദുബൈ അന്താരാഷ്‍ട്ര വിമാനത്താവളത്തിലെത്തിയ ശേഷം യാത്രക്കാര്‍ വീണ്ടും പി.സി.ആര്‍ പരിശോധനക്ക് വിധേയമാവണം. 
  6. പി.സി.ആര്‍ പരിശോധനയുടെ ഫലം വരുന്നത് വരെ ഇന്‍സ്റ്റിറ്റ്യൂഷണല്‍  ക്വാറന്റീനില്‍ കഴിയണം. 24 മണിക്കൂറിനകം പരിശോധനാ ഫലം ലഭ്യമാകുമെന്നാണ് കരുതുന്നത്. യുഎഇ സ്വദേശികള്‍ക്കും നയതന്ത്ര പ്രതിനിധികള്‍ക്കും ഈ നിബന്ധനയിലും ഇളവുണ്ട്. 
Follow Us:
Download App:
  • android
  • ios