റിയാദ്: സൗദി അറേബ്യയില്‍ വ്യാജ ഉല്‍പ്പന്നങ്ങള്‍ സൂക്ഷിച്ച വില്ലയില്‍ വാണിജ്യ മന്ത്രാലയവും സുരക്ഷാ വകുപ്പുകളും ചേര്‍ന്ന് റെയ്ഡ് നടത്തി. സ്ത്രീയുള്‍പ്പെടെ വിദേശികളായ ആറുപേരെ പിടികൂടി.

സംശയകരമായ സാഹചര്യത്തില്‍ സ്ത്രീപുരുഷന്മാര്‍ വില്ലയില്‍ വരാറുണ്ടെന്ന വിവരം വാണിജ്യ മന്ത്രാലയത്തിന് ലഭിച്ചിരുന്നു. വ്യാജ ഉല്‍പ്പന്നങ്ങള്‍ സൂക്ഷിക്കാനും വില്‍പ്പന നടത്താനുമാണ് വിദേശികള്‍ ഈ വില്ല ഉപയോഗിച്ചിരുന്നത്. ഇവിടെ നിന്നും 50 ലക്ഷം റിയാലിന്റെ കാര്‍ഗോ പോളിസികളും നിരവധി വിദേശ മദ്യക്കുപ്പികളും വന്‍തുകയും ലൈസന്‍സില്ലാത്ത സ്ഥലത്ത് തയ്യാറാക്കിയ ഭക്ഷണവും പരിശോധനയില്‍ കണ്ടെത്തി.

ഒരു യുവതി ഉള്‍പ്പെടെ ഏഷ്യക്കാരായ ആറുപേരാണ് റെയ്ഡില്‍ പിടിയിലായത്. ഇവര്‍ക്കെതിരായ കേസ് പിന്നീട് പബ്ലിക് പ്രോസിക്യൂഷന് കൈമാറി.  ചുറ്റുമതിലുള്ള കോമ്പൗണ്ടിലെ വിശാലമായ വില്ലയാണ് നിയമവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്ക് ഉപയോഗിച്ചത്. റെയ്ഡിന്റെയും നിയമലംഘകരെ പിടികൂടുന്നതിന്റെയും ദൃശ്യങ്ങളടങ്ങിയ വീഡിയോ വാണിജ്യ മന്ത്രാലയം പുറത്തുവിട്ടു.