അബുദാബി: ലൈംഗിക തൊഴിലാളിയെ കൊലപ്പെടുത്തിയ കേസില്‍ ഒരു സ്ത്രീ ഉള്‍പ്പെടെ ആറ് പേരെ അറസ്റ്റ് ചെയ്തു. പണം തട്ടിയെടുക്കാനാണ് പ്രതികള്‍ കൊലപാതകം ആസൂത്രണം ചെയ്തതെന്ന് എമിറാത്ത് എല്‍ യൗം പത്രം റിപ്പോര്‍ട്ട് ചെയ്യുന്നു.

കേസില്‍ പ്രതിയായ സ്ത്രീയ്ക്കൊപ്പമാണ് കൊല്ലപ്പെട്ട ലൈംഗിക തൊഴിലാളി താമസിച്ചിരുന്നത്. ഇവരാണ് പ്രതിയായ മറ്റൊരു പുരുഷനുമായി ചേര്‍ന്ന് കൊലപാതകം ആസൂത്രണം ചെയ്തത്. സംഭവ ദിവസം കൊലയാളി സംഘത്തിന് വീടിന്റെ വാതില്‍ തുറന്നുകൊടുത്തതും മുറിയിലേക്ക് കൊണ്ടുപോയതും ഈ സ്ത്രീ തന്നെയായിരുന്നു. പണം കവര്‍ന്ന ശേഷം സംഭവം പുറത്തറിയുമെന്ന് ഭയന്നാണ് കൊലപാതകം നടത്തിയതെന്ന് ഇവര്‍ പറഞ്ഞു.

കൊലപ്പെടുന്നതിന് തൊട്ടുമുന്‍പ് സ്ത്രീ പരിഭ്രാന്തയായി നിലവിളിക്കുന്ന ഭീകര ദൃശ്യങ്ങള്‍ പ്രതികളിലൊരാള്‍ മൊബൈല്‍ ക്യാമറയില്‍ പകര്‍ത്തിയിരുന്നു. ഇത് പൊലീസ് കണ്ടെടുത്തു. കൊലപാതകം ആസൂത്രണം ചെയ്യുന്നതിനിടെ പ്രതികള്‍ പകര്‍ത്തിയ ദൃശ്യങ്ങളും പൊലീസിന് ലഭിച്ചു. മുറിയില്‍ അതിക്രമിച്ചു കയറി ഭീഷണിപ്പെടുത്തിയപ്പോള്‍ ഉറക്കെ നിലവിളിച്ചുവെന്നും ശബ്ദം അയല്‍വാസികള്‍ കേള്‍ക്കാതിരിക്കാന്‍ തലയിണ മുഖത്ത് അമര്‍ത്തി ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തുകയുമായിരുന്നുവെന്നും പ്രതികള്‍ പറഞ്ഞു.

തുടര്‍ന്ന് പണവും ആഭരണങ്ങളും മൊബൈല്‍ ഫോണും പ്രതികള്‍ കൈക്കലാക്കി. തങ്ങളുടെ കടം തീര്‍ക്കാനാണ് കവര്‍ച്ച നടത്താന്‍ തീരുമാനിച്ചതെന്നാണ് പ്രതികള്‍ പൊലീസിനോട് പറഞ്ഞത്. ഇവര്‍ക്ക് പരമാവധി ശിക്ഷ നല്‍കണമെന്ന് പ്രോസിക്യൂഷന്‍ കോടതിയില്‍ ആവശ്യപ്പെട്ടു.