അല്‍ഖൂസ് ഇന്‍ഡസ്‍ട്രിയല്‍ ഏരിയയില്‍ എമിറേറ്റ്സ് ഡ്രൈവിങ് ഇന്‍സ്റ്റിറ്റ്യൂട്ടിന് സമീപത്തുവെച്ച് കാര്‍, ഇ-സ്കൂട്ടറുമായി കൂട്ടിയിടിച്ചായിരുന്നു അദ്യ അപകടം. നിര്‍ദിഷ്‍ട സ്ഥലത്തുകൂടിയല്ലാതെ ഇ-സ്‍കൂട്ടര്‍ ഓടിച്ചതാണ് അപകട കാരണമായത്. 

ദുബൈ: 48 മണിക്കൂറിനിടെ സംഭവിച്ച അഞ്ച് റോഡപകടങ്ങളില്‍ ആറ് പേര്‍ക്ക് പരിക്കേറ്റതായി ദുബൈ പൊലീസ് അറിയിച്ചു. അമിത വേഗത, അശ്രദ്ധമായ ഡ്രൈവിങ് തുടങ്ങിയ ഗതാഗത നിയമലംഘനങ്ങളാണ് അപകടങ്ങള്‍ക്ക് കാരണമായതെന്ന് ദുബൈ ട്രാഫിക് പൊലീസ് ഡയറക്ടര്‍ ബ്രിഗേഡിയര്‍ സൈഫ് മുഹൈല്‍ അല്‍ മസ്‍റൂഇ പറഞ്ഞു.

അല്‍ഖൂസ് ഇന്‍ഡസ്‍ട്രിയല്‍ ഏരിയയില്‍ എമിറേറ്റ്സ് ഡ്രൈവിങ് ഇന്‍സ്റ്റിറ്റ്യൂട്ടിന് സമീപത്തുവെച്ച് കാര്‍, ഇ-സ്കൂട്ടറുമായി കൂട്ടിയിടിച്ചായിരുന്നു അദ്യ അപകടം. നിര്‍ദിഷ്‍ട സ്ഥലത്തുകൂടിയല്ലാതെ ഇ-സ്‍കൂട്ടര്‍ ഓടിച്ചതാണ് അപകട കാരണമായത്. സ്‍കൂട്ടര്‍ യാത്രക്കാരന് ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്. ഇയാളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഉമ്മുറമൂലില്‍ ലോറി, കാറുമായി കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ കാര്‍ ഡ്രൈവര്‍ക്ക് പരിക്കേറ്റു. 

അല്‍ ഇത്തിഹാദ് റോഡില്‍ അല്‍ മുഅല്ല പ്ലാസ ടണലില്‍ വെച്ച് ഡ്രൈവര്‍ക്ക് നിയന്ത്രണം നഷ്‍ടമായ വാഹനം സിമന്റ് ബാരിയറിലിടിച്ച് മറിഞ്ഞ സംഭവത്തില്‍ ഡ്രൈവര്‍ക്ക് സാരമായി പരിക്കേറ്റിട്ടുണ്ട്. ശൈഖ് സായിദ് റോഡിന് സമാന്തരമായുള്ള സര്‍വീസ് റോഡില്‍ ലേന്‍ തെറ്റിച്ച വാഹനം മറ്റൊരു വാഹനവുമായി കൂട്ടിയിടിച്ചും അപകടമുണ്ടായി. രണ്ട് വാഹനങ്ങള്‍ക്കും സാരമായ നാശനഷ്ടമായ അപകടത്തില്‍ രണ്ട് പേര്‍ക്കാണ് പരിക്കേറ്റത്. ഇവരില്‍ ഒരാളുടെ പരിക്ക് ഗുരുതരമാണ്. അല്‍ ഇത്തിഹാദ് റോഡില്‍ ബര്‍ദുബൈയിലേക്കുള്ള ദിശയില്‍ വാഹനത്തിന്റെ നിയന്ത്രണം നഷ്ടമായി മറിയുകയും ഡ്രൈവര്‍ക്ക് നിസാര പരിക്കേല്‍ക്കുകയും ചെയ്‍തിരുന്നു.