ജിദ്ദ: സൗദി അറേബ്യയില്‍ കൊവിഡ് ബാധിച്ചുമരിച്ച മലയാളികളുടെ എണ്ണം ആറായി. തിങ്കളാഴ്ച മരണപ്പെട്ട മലയാളിക്കും കൊവിഡ് ബാധിച്ചിരുന്നതായി സ്ഥിരീകരിച്ചതോടെയാണിത്. മലപ്പുറം ജില്ലയിലെ കൊളപ്പുറം ആസാദ് നഗർ സ്വദേശി പാറേങ്ങൽ ഹസന്റെ (56) മരണമാണ് കൊവിഡ് കാരണമാണെന്ന് കണ്ടെത്തിയത്. 

സ്രവ പരിശോധനയിലാണ് ഹസ്സന് കൊവിഡ് ആയിരുന്നെന്ന് സ്ഥിരീകരിച്ചത്. ഇദ്ദേഹവുമായി സമ്പര്‍ക്കം പുലര്‍ത്തിയവര്‍ ക്വാറന്റൈനിലാണ്. മൃതദേഹം സംസ്‍കരിക്കാന്‍ കെഎംസിസി നേതാക്കള്‍ നേതൃത്വം നല്‍കുന്നുണ്ട്.   മലപ്പുറം തെന്നല വെസ്റ്റ്‌ ബസാർ സ്വദേശി മുഹമ്മദ് എന്ന ഇപ്പു മുസ്ലിയാർ കഴിഞ്ഞ മാസം 29ന് മക്കയില്‍ മരണപ്പെട്ടിരുന്നു. ഇദ്ദേഹത്തിന് 57 വയസ്സായിരുന്നു. 

റിയാദില്‍ ഈ മാസം 23ന് മരണപ്പെട്ട വിജയകുമാരന്‍ നായരും (51) അല്‍ ഖസീം പ്രവിശ്യയിലെ ഉനൈസയില്‍ മരണപ്പെട്ട ആലപ്പുഴ ആദിക്കാട്ടുകുളങ്ങര സ്വദേശി ഹസീബ് ഖാനും (51) കോവിഡ് ബാധിച്ചാണ് മരിച്ചത്. ഈ മാസം തുടക്കത്തില്‍ മദീനയില്‍ കണ്ണൂര്‍ സ്വദേശി ഷബ്നാസും റിയാദില്‍ മലപ്പുറം ചെമ്മാട് സ്വദേശി സ്വഫ്‌വാനും മരണപ്പെട്ടിരുന്നു.