പൊതുമാപ്പ് ഉപയോഗപ്പെടുത്തി അനധികൃത താമസം അവസാനിപ്പിച്ചാല്‍ ജോലിയില്ലാത്തവര്‍ക്ക് പുതിയ ജോലി തേടുന്നതിനായി ആറ് മാസത്തെ താല്‍ക്കാലിക വിസ അനുവദിക്കും. 

ദുബായ്: യുഎഇയില്‍ നാളെ മുതല്‍ നിലവില്‍ വരാന്‍ പോകുന്ന പൊതുമാപ്പ് ഉപയോഗപ്പെടുത്തി അനധികൃത താമസക്കാര്‍ക്ക് ഒന്നുകില്‍ നാട്ടിലേക്ക് മടങ്ങുകയോ അല്ലെങ്കില്‍ രേഖകള്‍ ശരിയാക്കുകയോ ചെയ്യാം. എന്നാല്‍ യുഎഇ ഭരണകൂടം ഏര്‍പ്പെടുത്തിയ പുതിയ വിസ സംവിധാനം ജോലി നഷ്ടപ്പെട്ട് അനധികൃതമായി തുടരുന്നവര്‍ക്ക് ആശ്വാസമായി മാറും. 

പൊതുമാപ്പ് ഉപയോഗപ്പെടുത്തി അനധികൃത താമസം അവസാനിപ്പിച്ചാല്‍ ജോലിയില്ലാത്തവര്‍ക്ക് പുതിയ ജോലി തേടുന്നതിനായി ആറ് മാസത്തെ താല്‍ക്കാലിക വിസ അനുവദിക്കും. രാജ്യത്ത് തുടര്‍ന്ന് വരുന്ന ജോലി ഒഴിവുകളിലേക്ക് ഇവരെ മുന്‍ഗണന നല്‍കി പരിഗണിക്കും. ഇതിനായി മാനവ വിഭവശേഷി മന്ത്രാലയത്തിന്റെ വെബ്സൈറ്റില്‍ രജിസ്റ്റര്‍ ചെയ്യാമെന്നും അധികൃതര്‍ അറിയിച്ചു. എന്നാല്‍ ആറ് മാസത്തിനകം പുതിയ ജോലി ലഭിച്ചില്ലെങ്കില്‍ ഇത്തരക്കാര്‍ രാജ്യം വിടേണ്ടിവരും. 

പൊതുമാപ്പ് നാളെ ആരംഭിക്കുന്ന സാഹചര്യത്തില്‍ വിവിധ സേവന കേന്ദ്രങ്ങളില്‍ വിപുലമായ തയ്യാറെടുപ്പാണ് അധികൃതര്‍ നടത്തുന്നത്. അല്‍ അവീര്‍ ഇമിഗ്രേഷന്‍ കേന്ദ്രത്തില്‍ 3000 പേരെ സ്വീകരിക്കാനുള്ള സജ്ജീകരണങ്ങളാണ് ഒരുക്കിയിരിക്കുന്നത്.