കുവൈത്ത് സിറ്റി: കുവൈത്തിൽ ഇന്ന് ആറ് പേർക്ക് കൂടി കൊവിഡ് 19 വൈറസ് ബാധ സ്ഥിരീകരിച്ചു.  ഇതോടെ കുവൈത്തിൽ വൈറസ് ബാധിതരുടെ എണ്ണം 148 ആയി. അഞ്ച് പേർ തീവ്രപരിചരണ വിഭാഗത്തിലാണ്. 343 പേർ നിരീക്ഷണത്തിലുണ്ട്. അതേസമയം ഇന്ന് മൂന്ന് പേർ കൂടി രോഗമുക്തരായി ആശുപത്രി വിട്ടു. 

നിലവിൽ 130 പേരാണ് ആശുപത്രിയിൽ ചികിത്സയിലുള്ളത്. അതിനിടെ കൊവിഡ്-19 വൈറസ്‌ വ്യാപനം തടയുന്നതിന്റെ ഭാഗമായി വിരുന്നുകൾ, വിവാഹ പാർട്ടികൾ, സ്വീകരണ പരിപാടികൾ മുതലായവ നടത്തുന്നതിനു കുവൈത്ത് നിരോധനം ഏർപ്പെടുത്തി. പൊതു സ്ഥലങ്ങളിലും സ്വകാര്യ സ്ഥലങ്ങളിലും വീടിനകത്തും ദീവാനിയകളിലും നിരോധനം ബാധകമായിരിക്കും.