Asianet News MalayalamAsianet News Malayalam

സൗദിയിൽ കാർ പാലത്തിൽ നിന്ന് താഴെ വീണ്​ ആറ് പ്രവാസികള്‍​ മരിച്ചു

തൊഴിലാളികൾ സഞ്ചരിച്ചിരുന്ന ഷെവർലെ കാർ പാലത്തിന്റെ കൈവരിക്ക്​ മുകളിലൂടെ താഴെ റോഡിലേക്ക് പതിയ്ക്കുകയായിരുന്നു.

six people killed in a car accident in jubail saudi arabia
Author
Jubail Saudi Arabia, First Published Feb 11, 2020, 2:39 PM IST

റിയാദ്​: സൗദി അറേബ്യയിൽ നിയന്ത്രണം വിട്ട കാർ പാലത്തിന്​ മുകളിൽ നിന്ന് താഴത്തെ റോഡിലേക്ക്​ വീണ്​ പാകിസ്​താൻ പൗരന്മാരായ ആറു പേർ മരിച്ചു. ജുബൈൽ -റോയൽ കമീഷൻ റോഡിൽ തിങ്കളാഴ്ച രാവിലെ 7.30നായിരുന്നു സംഭവം. ജുബൈൽ വ്യവസായ മേഖലയിലേക്കുള്ള എക്സിറ്റ് ഏഴിൽ മറാഫിഖ്​ പ്ലാന്റിലേക്ക് ഇറങ്ങുന്ന പാലത്തിലായിരുന്നു അപകടം.

പാകിസ്​താനി തൊഴിലാളികൾ സഞ്ചരിച്ചിരുന്ന ഷെവർലെ കാർ പാലത്തിന്റെ കൈവരിക്ക്​ മുകളിലൂടെ താഴെ റോഡിലേക്ക് പതിയ്ക്കുകയായിരുന്നു. തലകീഴായി മറിഞ്ഞ കാറിനുള്ളിൽ ഉണ്ടായിരുന്ന സഹോദരങ്ങളായ സൽമാൻ, ഷീഷൻ എന്നിവരടക്കം എല്ലാവരും തൽക്ഷണം മരിച്ചു. സാധാരണ നല്ല തിരക്കുള്ള റോഡിലേക്കാണ്​ കാർ വീണത്​. എന്നാൽ ആ സമയത്ത്​ തിരക്കിന്​ നേരിയ കുറവുണ്ടായിരുന്നു. മറ്റു വാഹനങ്ങൾ ഇല്ലാതിരുന്നതിനാൽ വലിയ ദുരന്തം ഒഴിവായി.

പൊലീസും അഗ്​നിശമന സേനയും എത്തി വാഹനം വെട്ടിപ്പൊളിച്ചാണ് യാത്രക്കാരെ പുറത്തെടുത്തത്. ജുബൈലിലെ ഒരു സ്വകാര്യ കമ്പനി ജീവനക്കാരായ ഇവർ ചെറിയ നിർമാണ പണികൾ ഏറ്റെടുത്തു ചെയ്തുവരികയായിരുന്നു. വ്യവസായ മേഖല കേന്ദ്രീകരിച്ച്​ ഏറ്റെടുത്ത ജോലി പൂർത്തിയാക്കാൻ പോകുന്നതിനിടെയാണ് അപകടം. സൽമാൻ ആറുമാസം മുമ്പാണ് വിവാഹം കഴിച്ചു സൗദിയിൽ എത്തിയത്. മൃതദേഹങ്ങൾ ജുബൈൽ ജനറൽ ആശുപത്രി മോർച്ചറിയിൽ.    

Follow Us:
Download App:
  • android
  • ios