കര്‍ഫ്യൂ ലംഘിക്കുന്ന വിദേശികളെ നാടുകടത്തുമെന്നും സ്വദേശികള്‍ക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്നും ആഭ്യന്തര മന്ത്രാലയം നേരത്തെ അറിയിച്ചിരുന്നു.

കുവൈത്ത് സിറ്റി: കുവൈത്തില്‍ നിലവിലുള്ള കര്‍ഫ്യൂ ലംഘിച്ചതിന് 16 പേരെ കൂടി അറസ്റ്റ് ചെയ്തു. 12 സ്വദേശികളും നാല് വിദേശികളുമാണ് പിടിയിലായത്. ക്യാപിറ്റല്‍ ഗവര്‍ണറേറ്റില്‍ നിന്ന് മൂന്നുപേര്‍, ഹവല്ലി ഗവര്‍ണറേറ്റില്‍ നിന്ന് അഞ്ചുപേര്‍, ഫര്‍വാനിയ ഗവര്‍ണറേറ്റില്‍ നിന്ന് രണ്ടുപേര്‍, ജഹ്‌റ ഗവര്‍ണറേറ്റില്‍ നിന്ന് മൂന്നുപേര്‍, മുബാറക് അല്‍ കബീര്‍ ഗവര്‍ണറേറ്റില്‍ നിന്ന് രണ്ടുപേര്‍, അഹ്മദി ഗവര്‍ണറേറ്റില്‍ ഒരാള്‍ എന്നിങ്ങനെയാണ് അറസ്റ്റിലായത്.

കര്‍ഫ്യൂ ലംഘിക്കുന്ന വിദേശികളെ നാടുകടത്തുമെന്നും സ്വദേശികള്‍ക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്നും ആഭ്യന്തര മന്ത്രാലയം നേരത്തെ അറിയിച്ചിരുന്നു. അതേസമയം ഏപ്രില്‍ എട്ടു മുതല്‍ കര്‍ഫ്യൂ സമയത്തില്‍ മാറ്റം വന്നിട്ടുണ്ട്. രാത്രി ഏഴു മണി മുതല്‍ പുലര്‍ച്ചെ അഞ്ചുവരെയായിരിക്കും പുതിയ കര്‍ഫ്യൂ സമയം.റമദാനില്‍ റെസ്റ്റോറന്റുകള്‍ക്ക് രാത്രി ഏഴു മുതല്‍ പുലര്‍ച്ചെ മൂന്നുവരെ ഡെലിവറി സര്‍വീസിന് പ്രത്യേക അനുമതി നല്‍കും. സൈക്കിള്‍ ഉള്‍പ്പെടെയുള്ള വാഹനങ്ങള്‍ കര്‍ഫ്യൂ സമയത്ത് ഉപയോഗിക്കാന്‍ പാടില്ല. എന്നാല്‍ ഏപ്രില്‍ എട്ടു മുതല്‍ റെസിഡന്‍ഷ്യല്‍ ഏരിയകളില്‍ രാത്രി പത്തുമണി വരെ നടക്കാന്‍ അനുമതിയുണ്ടാകും. സ്വന്തം റെസിഡന്‍ഷ്യല്‍ ഏരിയയ്ക്ക് പുറത്തു പോകാന്‍ പാടില്ല. സഹകരണ സംഘങ്ങളില്‍ രാത്രി ഏഴിനും 12നും ഇടയിലുള്ള സമയത്ത് ഷോപ്പിങിന് അപ്പോയിന്റ്‌മെന്റ് നല്‍കും.