ജിസിസി പൗരയായ യുവതിയാണ് തന്റെ വീട്ടുവേലക്കാരി കുഴഞ്ഞുവീണെന്നും അവരെ ആശുപത്രിയിലെത്തിക്കാന്‍ ഒരു ആംബുലന്‍സ് വേണമെന്നും ആവശ്യപ്പെട്ട് പൊലീസിന് ഫോണ്‍ ചെയ്തത്. ആംബുലന്‍സ് എത്തി ഇവരെ ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും അധികം വൈകാതെ മരണപ്പെടുകയായിരുന്നു. 

ദുബായ്: വീട്ടുജോലിക്കാരിയുടെ ദുരൂഹ മരണം കൊലപാതകമായിരുന്നുവെന്ന് തെളിയിക്കാന്‍ ദുബായ് പൊലീസിന് തുണയായത് ഒരു മെസേജ്. അല്‍ നഹ്ദയിലെ ഒരു വില്ലയില്‍ ദിവസങ്ങള്‍ക്ക് മുമ്പ് നടന്ന മരണം സ്വാഭാവിക മരണമെന്ന നിലയിലായിരുന്നു തുടക്കത്തില്‍ പൊലീസ് മുന്നോട്ടുപോയത്. എന്നാല്‍ ഫോറന്‍സിക് റിപ്പോര്‍ട്ടില്‍ ചില സംശയങ്ങള്‍ ഉയര്‍ന്നതിന് പിന്നാലെ പൊലീസ് നടത്തിയ അന്വേഷണത്തിലാണ് നിര്‍ണ്ണായകമായ ആ സന്ദേശം പൊലീസ് കണ്ടെടുത്തത്.

ജിസിസി പൗരയായ യുവതിയാണ് തന്റെ വീട്ടുവേലക്കാരി കുഴഞ്ഞുവീണെന്നും അവരെ ആശുപത്രിയിലെത്തിക്കാന്‍ ഒരു ആംബുലന്‍സ് വേണമെന്നും ആവശ്യപ്പെട്ട് പൊലീസിന് ഫോണ്‍ ചെയ്തത്. ആംബുലന്‍സ് എത്തി ഇവരെ ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും അധികം വൈകാതെ മരണപ്പെടുകയായിരുന്നു. ഇവരുടെ ശരീരം പരിശോധിച്ചപ്പോള്‍ മുറിവുകളും ശാരീരിക പീഡനം നേരിട്ടതിന്റെ അടയാളങ്ങളും പ്രകടമായിരുന്നു. ഇക്കാര്യം സ്പോണ്‍സറായ യുവതിയോട് ചോദിച്ചപ്പോള്‍ താന്‍ ഒന്നും ചെയ്തിട്ടില്ലെന്നും നിലത്ത് കുഴഞ്ഞുവീണപ്പോള്‍ ജോലിക്കാരി തന്നെ സ്വയം മുറിവേല്‍പ്പിച്ചതാണെന്നും ഇവര്‍ മൊഴി നല്‍കി.

തുടര്‍ന്ന് കൂടുതല്‍ പരിശോധനയ്ക്കായി മൃതദേഹം ഫോറന്‍സിക് വിഭാഗത്തിന് കൈമാറി. എന്നാല്‍ തലയിലും ശരീരത്തിന്റെ മറ്റ് പല ഭാഗങ്ങളിലും മര്‍ദ്ദനമേറ്റ നിരവധി പരിക്കുകള്‍ കാരണമാണ് മരണം സംഭവിച്ചതെന്ന് ഫോറന്‍സിക് പരിശോധനയില്‍ വ്യക്തമാവുകയായിരുന്നുവെന്ന് ദുബായ് പൊലീസ് ക്രൈം സീന്‍ ഇന്‍വെസ്റ്റിഗേഷന്‍ വിഭാഗം ഡയറക്ടര്‍ കേണല്‍ അഹമ്മദ് ഹുമൈദ് അല്‍ മറി പറഞ്ഞു. വേലക്കാരിയെ സ്പോണ്‍സറായ യുവതി മര്‍ദ്ദിച്ചിരുന്നുവെന്ന് വ്യക്തമായതോടെ ഇവരെ പൊലീസ് അറസ്റ്റ് ചെയ്തു. മര്‍ദ്ദനമേല്‍ക്കുന്ന സമയത്ത് ഇവരുടെ കരച്ചില്‍ കേട്ടിരുന്നുവെന്ന് അയല്‍വാസികളും പൊലീസിന് മൊഴി നല്‍കി.

എന്നാല്‍ ഇവര്‍ മര്‍ദ്ദിച്ചുവെന്ന് നേരിട്ട് തെളിയിക്കാന്‍ പര്യാപ്തമായ തെളിവുകളൊന്നും പൊലീസിന് ലഭിച്ചിരുന്നില്ല. ഇതിനിടെ സ്പോണ്‍സറായ യുവതിയുടെ ഭര്‍ത്താവ് തന്റെ സുഹൃത്തിന് അയച്ച ഒരു സന്ദേശം പൊലീസിന് ലഭിച്ചത്. ഇതോടെ കൊലപാതകത്തിന് പിന്നില്‍ യുവതി തന്നെയാണെന്ന് പൊലീസിന് ഉറപ്പായി. മരിച്ചുപോയ വേലക്കാരിയെ തല്ലരുതെന്ന് നിരവധി തവണ താന്‍ ഭാര്യയോട് പറഞ്ഞിരുന്നുവെന്നും അവര്‍ അത് അനുസരിച്ചില്ലെന്നുമായിരുന്നു സന്ദേശം. ഇത് യുവതിയുടെ ഭര്‍ത്താവിന്റെ സുഹൃത്തും സ്ഥിരീകരിച്ചു. തെളിവുകള്‍ നിരത്തി ചോദ്യം ചെയ്തതോടെ യുവതി കുറ്റം സമ്മതിച്ചു.