ഏറ്റവും മോശം ആശുപത്രിയെന്ന് വിശേഷിപ്പിച്ചാണ് വീഡിയോ പോസ്റ്റ് ചെയ്‍തതെന്ന് ആശുപത്രി മാനേജ്‍മെന്റ് നല്‍കിയ പരാതിയില്‍ പറയുന്നു. മോശം പദപ്രയോഗങ്ങള്‍ നടത്തുകയും സ്ഥാപനത്തെ ഒരു ആശുപത്രി എന്ന് വിശേഷിപ്പിക്കാന്‍ ആവില്ലെന്ന് അധിക്ഷേപിക്കുകയും ചെയ്‍തു. 

ദുബൈ: ദുബൈയിലെ ഒരു സ്വകാര്യ ആശുപത്രിയെ സാമൂഹിക മാധ്യമത്തിലൂടെ അവഹേളിച്ച സോഷ്യല്‍ മീഡിയ താരത്തിന് 5000 ദിര്‍ഹം പിഴ. കേസില്‍ പ്രതിയായ യുവതിക്ക് നേരത്തെ ദുബൈ പ്രാഥമിക കോടതി വിധിച്ച ശിക്ഷ, അപ്പീല്‍ കോടതി ശരിവെയ്‍ക്കുകയായികുന്നു. ഇന്‍സ്റ്റഗ്രാം അക്കൗണ്ടിലൂടെ പോസ്റ്റ് ചെയ്‍ത വീഡിയോ ആണ് നടപടിക്ക് കാരണമായത്. വീഡിയോ സോഷ്യല്‍ മീഡിയ അക്കൗണ്ടുകളില്‍ നിന്ന് നീക്കം ചെയ്യമെന്നും ഉത്തരവിലുണ്ട്.

ഏറ്റവും മോശം ആശുപത്രിയെന്ന് വിശേഷിപ്പിച്ചാണ് വീഡിയോ പോസ്റ്റ് ചെയ്‍തതെന്ന് ആശുപത്രി മാനേജ്‍മെന്റ് നല്‍കിയ പരാതിയില്‍ പറയുന്നു. മോശം പദപ്രയോഗങ്ങള്‍ നടത്തുകയും സ്ഥാപനത്തെ ഒരു ആശുപത്രി എന്ന് വിശേഷിപ്പിക്കാന്‍ ആവില്ലെന്ന് അധിക്ഷേപിക്കുകയും ചെയ്‍തു. ആശുപത്രിക്ക് പ്രവര്‍ത്തന ലൈസന്‍സ് നല്‍കിയതിനെതിരെയും ജീവനക്കാരെ കുറ്റപ്പെടുത്തിക്കൊണ്ടും വീഡിയോയില്‍ പരാമര്‍ശങ്ങളുണ്ടായിരുന്നു. ഇതിന് പുറമെ സ്ഥാപനം ഏറ്റവും മോശം ആശുപത്രിയാണെന്ന് ആരോപിച്ച് വോട്ടെടുപ്പും നടത്തി. തന്റെ ഫോളോവര്‍മാര്‍ക്കിടയില്‍ സ്ഥാപനത്തെക്കുറിച്ച് മോശം പ്രതിച്ഛായ ഉണ്ടാക്കാനും വീഡിയോയിലൂടെ ശ്രമിച്ചെന്ന് മാനേജ്‍മെന്റ് ആരോപിച്ചു.

തന്റെ അമ്മയെ ചികിത്സക്കായി കൊണ്ടുപോയ സമയത്ത്, ആശുപത്രിയില്‍ വെച്ച് രക്തം പരിശോധിക്കാന്‍ വേണ്ടി സൂചി കൊണ്ട് കുത്തിയ ഭാഗത്തെ തൊലിയുടെ നിറം മാറിയെന്നാരോപിച്ചായിരുന്നു വീഡിയോ പ്രസിദ്ധീകരിച്ചത്. എന്നാല്‍ അമ്മയുടെ ചികിത്സയുമായി ബന്ധപ്പെട്ട സംഭവം ചെറുതായി വീഡിയോയില്‍ സൂചിപ്പിക്കുക മാത്രമാണ് താന്‍ ചെയ്‍തതെന്നും അത് ആശുപത്രി മാനേജ്‍മെന്റ് അവഹേളനമായി കണക്കാക്കിയതാണ് പ്രശ്‍നമെന്നും യുവതി വാദിച്ചു. 

അമ്മയുടെ പ്രശ്നങ്ങള്‍ താന്‍ ആശുപത്രി മാനേജ്‍മെന്റിനെ അറിയിച്ചിരുന്നു. എന്നാല്‍ രണ്ടാഴ്ചയ്ക്ക് ശേഷം വീണ്ടും ആശുപത്രിയിലെത്തിയപ്പോള്‍ അത് തങ്ങളുടെ കുറ്റമല്ലെന്നും സൂചി വെച്ച് കുത്തുന്ന സ്ഥലങ്ങളില്‍ കുറച്ച് ദിവസത്തേക്ക് ചെറിയ നിറം മാറ്റം ഉണ്ടാകാറുണ്ടെന്നും ആശുപത്രി അധികൃതര്‍ പറഞ്ഞു. ഇത് അനുസരിച്ച് താന്‍ വീഡിയോ നീക്കം ചെയ്‍തുവെന്നും യുവതി പറഞ്ഞു. എന്നാല്‍ ദുബൈ പൊലീസിലെ ക്രിമിനല്‍ എവിഡന്‍സ് ജനറല്‍ ഡിപ്പാര്‍ട്ട്മെന്റിന് കീഴിലുള്ള സൈബര്‍ ക്രൈം ആന്റ് ഇലക്ട്രോണിക് എവിഡന്‍സ് വിഭാഗം, യുവതി തയ്യാറാക്കി പ്രസിദ്ധീകരിച്ച വീഡിയോ വീണ്ടെടുത്ത് പരിശോധിച്ചു. തുടര്‍ന്ന് കോടതി വിചാരണ പൂര്‍ത്തിയാക്കി ശിക്ഷ വിധിക്കുകയായിരുന്നു.

Read also: ആളുകളുടെ സഹതാപം കിട്ടാന്‍ കണ്ണീര്‍ കഥകള്‍ മെനഞ്ഞ് യാചന; യുഇഎയില്‍ 159 പേര്‍ പിടിയില്‍