ഏതാനും ചിലര്‍ക്ക് മാത്രമാണ് കൊവിഡ് സ്ഥിരീകരിച്ചത്. ആശങ്കപ്പെടേണ്ട കാര്യമില്ലെന്നും ക്ലാസ്മുറി-ഓണ്‍ലൈന്‍ മിശ്ര പഠനം ആരംഭിച്ചതോടെ ഭൂരിഭാഗം സ്‌കൂളുകളിലും 85 ശതമാനത്തിലധികം വിദ്യാര്‍ത്ഥികളുണ്ടെന്നും വിദ്യാഭ്യാസ മന്ത്രിയുടെ ഉപദേശകന്‍ മുഹമ്മദ് അല്‍ ബാഷിരി പറഞ്ഞു.

ദോഹ: ഖത്തറില്‍ ചില സ്‌കൂളുകളിലെ ഏതാനും പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് ചുരുക്കം ക്ലാസ്മുറികള്‍ താല്‍ക്കാലികമായി അടച്ചു. താല്‍ക്കാലികമായി പഠനം നിര്‍ത്തിവെച്ച ക്ലാസുകളിലെ വിദ്യാര്‍ത്ഥികള്‍ക്ക് ഓണ്‍ലൈന്‍ പഠനം തുടരുമെന്ന് വിദ്യാഭ്യാസ മന്ത്രിയുടെ ഉപദേശകന്‍ മുഹമ്മദ് അല്‍ ബാഷിരി അറിയിച്ചു.

സര്‍ക്കാര്‍, സ്വകാര്യ സ്‌കൂളുകളിലായി 340,000 വിദ്യാര്‍ത്ഥികളും 30,000ത്തോളം അധ്യാപകരുമാണുള്ളത്. എന്നാല്‍ ഇവരില്‍ ഏതാനും ചിലര്‍ക്ക് മാത്രമാണ് കൊവിഡ് സ്ഥിരീകരിച്ചത്. ആശങ്കപ്പെടേണ്ട കാര്യമില്ലെന്നും ക്ലാസ്മുറി-ഓണ്‍ലൈന്‍ മിശ്ര പഠനം ആരംഭിച്ചതോടെ ഭൂരിഭാഗം സ്‌കൂളുകളിലും 85 ശതമാനത്തിലധികം വിദ്യാര്‍ത്ഥികളുണ്ടെന്നും മുഹമ്മദ് അല്‍ ബാഷിരി ഖത്തര്‍ റേഡിയോയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു.

സ്‌കൂളുകളുടെ കാര്യത്തില്‍ വിദ്യാഭ്യാസ, പൊതുജനാരോഗ്യ മന്ത്രാലയങ്ങള്‍ സഹകരിച്ചാണ് പ്രവര്‍ത്തിക്കുന്നത്. സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിക്കുന്ന കിംവദന്തികളില്‍ രക്ഷിതാക്കളും വിദ്യാര്‍ത്ഥികളും വിശ്വസിക്കരുതെന്നും മന്ത്രാലയങ്ങളില്‍ നിന്നുള്ള ഔദ്യോഗിക വിവരങ്ങള്‍ അനുസരിച്ച് മാത്രമെ പ്രവര്‍ത്തിക്കാവൂ എന്നും അല്‍ ബാഷിരി കൂട്ടിച്ചേര്‍ത്തു.