ഷാര്‍ജ: മക്കള്‍ വീട്ടില്‍ നിന്ന് പുറത്താക്കിയെന്ന് പറഞ്ഞാണ് 68കാരനായ അറബ് പൗരന്‍ ഷാര്‍ജ പൊലീസിന്റെ സഹായം തേടിയത്. തന്നെ സഹായിക്കണമെന്നാവശ്യപ്പെട്ട് അദ്ദേഹം വാസിത്ത് സ്റ്റേഷനിലേക്ക് കയറി വരികയായിരുന്നുവെന്നാണ് സ്റ്റേഷന്‍ ഡയറക്ടര്‍ കേണല്‍ അബ്‍ദുല്ല അല്‍ നഖ്‍ബി പറഞ്ഞത്. കുടുംബ വഴക്കിനൊടുവില്‍ മക്കള്‍ ചേര്‍ന്ന് തന്നെ വീട്ടില്‍ നിന്ന് പുറത്താക്കി. തനിക്ക് പോകാന്‍ മറ്റൊരു സ്ഥലവുമില്ലെന്നും സഹായിക്കണമെന്നും 68 വയസുകാരന്‍ പൊലീസുകാരോട് അഭ്യര്‍ത്ഥിച്ചു.

സ്റ്റേഷനിലേക്ക് സ്വാഗതം ചെയ്ത പൊലീസ് ഉദ്യോഗസ്ഥര്‍ ആ പിതാവിനെ സമാധിപ്പിച്ചു. തുടര്‍ന്ന് മകനെ സ്റ്റേഷനിലേക്ക് വിളിപ്പിച്ചു. സാമൂഹിക പ്രവര്‍ത്തകരുടെയും കുടുംബ പ്രശ്നങ്ങള്‍ പരിഹരിക്കുന്നതില്‍ പരിശീലനം സിദ്ധിച്ച വ്യക്തികളുടെ സാന്നിദ്ധ്യത്തില്‍ ഇരുഭാഗത്തിനും പറയാനുള്ളത് മുഴുവന്‍ ഉദ്യോഗസ്ഥര്‍ കേട്ടു.

സംസാരത്തിനൊടുവില്‍ തന്റെ മോശം സ്വഭാവത്തിന് മകന്‍ മാപ്പുപറയുകയായിരുന്നുവെന്ന് കേണല്‍ നഖ്‍ബി പറഞ്ഞു. ചില കുടുംബ പ്രശ്നങ്ങളുണ്ടായിരുന്നു. അവ കുറേനാളായി തുടരുകയാണ്. ഒടുവില്‍ വഴക്കുണ്ടായപ്പോള്‍ തന്റെ നിയന്ത്രണം വിട്ടുപോയെന്ന് ഏറ്റുപറഞ്ഞ മകന്‍, ഇനിയൊരിക്കലും അച്ഛനോട് മോശമായി പെരുമാറില്ലെന്ന് വാക്കുകൊടുത്തു. മറ്റ് മക്കളും സ്റ്റേഷനിലെത്തി പിതാവിനോട് മാപ്പ് പറഞ്ഞു. കണ്ടുനിന്ന പൊലീസ് ഉദ്യോഗസ്ഥരുടെ പോലും കണ്ണു നിറഞ്ഞ നിമിഷങ്ങളായിരുന്നു അതെന്ന് സ്റ്റേഷന്‍ ഡയറക്ടര്‍ പറഞ്ഞു. മക്കളെല്ലാവരും ചേര്‍ന്ന് അച്ഛനെ സന്തോഷത്തോടെ വീട്ടിലേക്ക് കൂട്ടിക്കൊണ്ടുപോയി.

മാതാപിതാക്കളെ ആദരിക്കുന്നത് യുഎഇയുടെ സംസ്കാരത്തിന്റെ ഭാഗമാണെന്ന് അല്‍ നഖ്‍ബി പറഞ്ഞു. മാതാപിതാക്കളുടെ സ്ഥാനം മനസിലാക്കാന്‍ ആ മകന് കഴിഞ്ഞില്ല. ക്ഷമയോടെ പ്രശ്നങ്ങള്‍ പരിഹരിക്കാനും അദ്ദേഹം ശ്രമിച്ചില്ല. ആ പിതാവിന്റെ കാര്യം ഇനിയും പൊലീസ് നിരീക്ഷിക്കുമെന്നും കുടുംബപ്രശ്നങ്ങള്‍ രമ്യമായി പരിഹരിക്കപ്പെട്ടുവെന്ന് ഉറപ്പാക്കുമെന്നും അദ്ദേഹം അറിയിച്ചു.

കുടുംബപ്രശ്നങ്ങള്‍ പരിഹരിക്കാന്‍ കമ്യൂണിറ്റി പൊലീസ് വിഭാഗം കാര്യക്ഷമമായ ഇടപെടലുകളാണ് നടത്തുന്നത്. എല്ലാവരെയും വിളിച്ചുവരുത്തി എല്ലവര്‍ക്കും പറയാനുള്ളത് കേട്ട്, പരസ്‍പരം സംസാരിക്കാനും ചര്‍ച്ചകള്‍ നടത്തി പ്രശ്നങ്ങള്‍ പരിഹരിക്കാനുമുള്ള അവസരമാണ് പൊലീസ് ഒരുക്കുന്നതെന്നും അധികൃതര്‍ അറിയിച്ചു.