ആകാശത്ത് വെച്ച് കൂട്ടിയിടി ഒഴിവാക്കുന്നതിനായി വിമാനത്തിലെ പൈലറ്റുമാര്‍ അടിയന്തര നടപടി സ്വീകരിക്കുകയായിരുന്നു. വിമാനം 500 അടി താഴ്ന്ന് പറക്കുകയായിരുന്നു.
കാലിഫോര്‍ണിയ: കാലിഫോര്‍ണിയയിലെ ബര്‍ബാങ്കില്‍ നിന്ന് പുറപ്പെട്ട സൗത്ത് വെസ്റ്റ് എയര്‍ലൈന്‍സ് വിമാനം ടേക്ക് ഓഫിനിടെ മറ്റൊരു വിമാനവുമായി കൂട്ടിയിടിക്കുന്നത് ഒഴിവാക്കുന്നതിനായി അടിയന്തര നടപടി സ്വീകരിച്ചു. 500 അടിയോളം പെട്ടെന്ന് വിമാനം താഴ്ന്ന് പറന്നതോടെ രണ്ട് ജീവനക്കാര്‍ക്ക് പരിക്കേറ്റു. സൗത്ത് വെസ്റ്റ് എയര്‍ലൈന്‍സിന്‍റെ 1496 വിമാനത്തിലാണ് സംഭവം.
ഫ്ലൈറ്റ് ട്രാക്കിങ് വെബ്സൈറ്റുകള്‍ പ്രകാരം, കൂട്ടിയിടി ഒഴിവാക്കാനായി സൗത്ത് എയര്‍ലൈന്‍സ് വിമാനം 500 അടി പെട്ടെന്ന് താഴ്ന്ന് പറക്കുകയായിരുന്നു. ഒരാഴ്ചക്കിടെ ഇത് രണ്ടാം തവണയാണ് ഒരു അമേരിക്കന്‍ വാണിജ്യ ജെറ്റ് വിമാനം ആകാശത്തെ കൂട്ടിയിടി ഒഴിവാക്കാനായി അടിയന്തര നടപടി സ്വീകരിക്കുന്നത്. ഈ വിമാനത്തോട് അപകടകരമായ രീതിയില്‍ അടുത്തുവന്ന മറ്റൊരു വിമാനത്തിലെ കോക്പിറ്റില്‍ നിന്ന് ലഭിച്ച അപകട മുന്നറിയിപ്പിനെ തുടര്‍ന്നാണ് സൗത്ത് വെസ്റ്റ് എയര്‍ലൈന്‍സ് വിമാനം പെട്ടെന്ന് താഴ്ന്ന് പറന്നതെന്നാണ് ഫെഡറല്‍ ഏവിയേഷന്‍ അഡ്മിനിസ്ട്രേഷന്‍ പറയുന്നത്.
സംഭവത്തിന് ശേഷം സൗത്ത് വെസ്റ്റ് ബോയിങ് 737 വിമാനം ലാസ് വെഗാസിലേക്ക് യാത്ര തുടര്‍ന്നു. യാത്രക്കാര്‍ക്ക് പരിക്കേറ്റതായി റിപ്പോര്‍ട്ടില്ല. ഫ്ലൈറ്റ് ട്രാക്കിംഗ് സേവനമായ ഫ്ലൈറ്റ്റഡാർ24 വ്യക്തമാക്കിയത് പ്രകാരം, സൗത്ത്‌വെസ്റ്റ് വിമാനത്തിന് മുൻവശത്ത് കൂടി കടന്നുപോയ വിമാനം ബ്രിട്ടീഷ് നിർമ്മിതമായ ഹാവ്കർ ഹണ്ടർ എന്ന ഫൈറ്റർ ജെറ്റായിരുന്നു. ആകാശമാർഗ്ഗത്തിൽ രണ്ട് വിമാനങ്ങളും വിലങ്ങനെ പരസ്പരം വെറും 4.86 മൈൽ (7.82 കിമീ) അകലത്തിലും ലംബമായി 350 അടി (107 മീറ്റർ) ഉയരത്തിലുമാണ് എത്തിയതെന്നാണ് റിപ്പോർട്ടുകൾ പറയുന്നത്. സംഭവത്തില്‍ ഫെഡറല്‍ ഏവിയേഷന്‍ അഡ്മിനിസ്ട്രേഷന്‍ അന്വേഷണം തുടങ്ങി.
