ഹാന്റ വൈറസ് ബാധയുണ്ടായ എംവി ഹോണ്ടിയസ് എന്ന വിനോദസഞ്ചാര കപ്പലില്‍നിന്ന് രക്ഷപ്പെടുത്തി മാഡ്രിഡിലെ ഒരു ആശുപത്രിയില്‍ ഐസൊലേഷനില്‍ കഴിയുകയായിരുന്നു ഇയാള്‍. പരിശോധനയില്‍ ഇയാള്‍ പോസിറ്റീവ് ആയതായി സ്പാനിഷ് ആരോഗ്യ മന്ത്രാലയം അറിയിച്ചു.
ഹാന്റ വൈറസ് ബാധയുണ്ടായ കപ്പലില്‍ നിന്ന് ഒഴിപ്പിച്ച് ആശുപത്രിയില്‍ ക്വാറന്റീനില്‍ കഴിയുന്ന സ്പാനിഷ് പൗരന് രോഗബാധ സ്ഥിരീകരിച്ചു. ഹാന്റ വൈറസ് ബാധയുണ്ടായ എംവി ഹോണ്ടിയസ് എന്ന വിനോദസഞ്ചാര കപ്പലില്‍നിന്ന് രക്ഷപ്പെടുത്തി മാഡ്രിഡിലെ ഒരു ആശുപത്രിയില്‍ ഐസൊലേഷനില്‍ കഴിയുകയായിരുന്നു ഇയാള്‍. ഇയാള്‍ പരിശോധനയില്‍ പോസിറ്റീവ് ആയതായി സ്പാനിഷ് ആരോഗ്യ മന്ത്രാലയം അറിയിച്ചു.

കപ്പലിലുണ്ടായിരുന്ന 14 സ്‌പെയിന്‍ സ്വദേശികളില്‍ ഒരാളാണ് ഈ രോഗി. ഇവര്‍ മെയ് 10 മുതല്‍ മാഡ്രിഡിലെ ഗോമസ് ഉല്ല സെന്‍ട്രല്‍ ഡിഫന്‍സ് ഹോസ്പിറ്റലില്‍ ക്വാറന്റൈനില്‍ കഴിയുകയായിരുന്നു.
രോഗബാധിതരുമായി അടുത്ത സമ്പര്‍ക്കം പുലര്‍ത്തിയ ആളാണ് ഈ രോഗിയെന്നാണ് കരുതുന്നത്. രോഗബാധ സ്ഥിരീകരിച്ചതിനെത്തുടര്‍ന്ന്, ഈ രോഗിയെ ആശുപത്രിയിലെ ഹൈ-ലെവല്‍ ഐസൊലേഷന്‍ യൂണിറ്റിലേക്ക് മാറ്റി. കപ്പലിലുണ്ടായിരുന്നവരില്‍ രോഗം സ്ഥിരീകരിക്കുന്ന രണ്ടാമത്തെ സ്‌പെയിന്‍ സ്വദേശിയാണ് ഈ രോഗി.
ഏപ്രിലില്‍ അര്‍ജന്റീനയില്‍ നിന്ന് പുറപ്പെട്ടതാണ് എംവി ഹോണ്ടിയസ് എന്ന വിനോദ സഞ്ചാര കപ്പല്‍. യാത്ര പുറപ്പെട്ടതിന് പിന്നാലെ മൂന്ന് യാത്രക്കാര്‍ ഹാന്റാ വൈറസ് ബാധയെ തുടര്‍ന്ന് മരിച്ചു. തുടര്‍ന്ന്, വൈറസ് ബാധ നിയന്ത്രിക്കാനുമുള്ള തീവ്രശ്രമത്തിലാണ് വിവിധ രാജ്യങ്ങളിലെ ആരോഗ്യ പ്രവര്‍ത്തകര്‍.
ഏപ്രില്‍ അവസാനത്തോടെ കപ്പലില്‍നിന്നും നിരവധി യാത്രക്കാര്‍ തെക്കന്‍ അറ്റ്‌ലാന്റിക്കിലെ ദ്വീപായ സെന്റ് ഹെലീനയില്‍ ഇറങ്ങിയിരുന്നു. ബാക്കിയുള്ള യാത്രക്കാര്‍ മെയ് മാസത്തില്‍ സ്‌പെയിനിലെ കാനറി ദ്വീപുകളില്‍ കപ്പല്‍ ഇറങ്ങുകയും, വിമാനമാര്‍ഗ്ഗം സ്വന്തം രാജ്യങ്ങളിലേക്ക് മടങ്ങുകയും ചെയ്തു. കപ്പലിലെ ഭൂരിഭാഗം ജീവനക്കാരും നെതര്‍ലന്‍ഡ്‌സില്‍ കപ്പല്‍ ഇറങ്ങി.
യാത്രക്കാരില്‍ രോഗലക്ഷണങ്ങള്‍ പ്രകടമാകാന്‍ ഏറ്റവും കൂടുതല്‍ സാധ്യതയുള്ള സമയപരിധാണ് ഇതെന്ന് പകര്‍ച്ചവ്യാധി വിദഗ്ദ്ധര്‍ പറയുന്നു. വരുന്ന ആഴ്ചയില്‍ കൂടുതല്‍ ആളുകള്‍ക്ക് രോഗം സ്ഥിരീകരിച്ചാല്‍ അതില്‍ അത്ഭുതപ്പെടാനില്ലെന്നും അവര്‍ വ്യക്തമാക്കി. വൈറസിന്റെ ശരാശരി ഇന്‍കുബേഷന്‍ കാലയളവ് (രോഗബാധയുണ്ടായതു മുതല്‍ ലക്ഷണങ്ങള്‍ പ്രകടമാകുന്നതുവരെയുള്ള സമയം) ഏകദേശം മൂന്നാഴ്ചയാണ്. രോഗലക്ഷണങ്ങള്‍ പ്രത്യക്ഷപ്പെടാന്‍ ആറാഴ്ച വരെ സമയമെടുത്തേക്കാം. അതുകൊണ്ടാണ് കപ്പലില്‍ നിന്ന് ഇറങ്ങിയ ദിവസം മുതല്‍ കുറഞ്ഞത് 42 ദിവസത്തേക്ക് യാത്രക്കാരെ നിരീക്ഷിക്കുന്നത്.
ഈ വൈറസ് സാധാരണയായി എലികളുമായി ബന്ധപ്പെട്ടാണ് കാണപ്പെടാറുള്ളതെങ്കിലും, കപ്പലില്‍ ഇത് മനുഷ്യരില്‍ നിന്ന് മനുഷ്യരിലേക്ക് പകര്‍ന്നിരിക്കാമെന്ന് ലോകാരോഗ്യ സംഘടന വ്യക്തമാക്കുന്നു. ക്ഷീണം, പനി, വിറയല്‍, ശരീരവേദന എന്നിവ ഉണ്ടാക്കുന്ന, ഇന്‍ഫ്‌ലുവന്‍സ പോലെ തോന്നിക്കാവുന്ന അപൂര്‍വ്വമായ ഒരു രോഗമാണിത്. കാലക്രമേണ, ഈ വൈറസ് ഹൃദയം, ശ്വാസകോശം അല്ലെങ്കില്‍ വൃക്കകള്‍ എന്നിവയെ തകരാറിലാക്കാം. രോഗികള്‍ക്ക് കടുത്ത ശ്വാസംമുട്ടല്‍, അവയവങ്ങളുടെ പ്രവര്‍ത്തനം നിലയ്ക്കല്‍ എന്നിവ അനുഭവപ്പെടാനും മരണം വരെ സംഭവിക്കാനും സാധ്യതയുണ്ട്.


