ദുബായ്: കൊവിഡ് ബാധയുടെ പശ്ചാത്തലത്തില്‍ സ്വന്തം രാജ്യങ്ങളിലേക്ക് മടങ്ങുന്നവര്‍ക്കായി യുഎഇ ഒരുക്കിയിരിക്കുന്നത് വ്യത്യസ്ഥമായൊരു യാത്രമൊഴി. യുഎഇ ജനറല്‍ ഡയറക്ടറേറ്റ് ഓഫ് റെസിഡന്‍സി ആന്റ് അഫയേഴ്സ് പ്രത്യേകം തയ്യാറാക്കിയ സ്റ്റിക്കറുകളാണ് ഇപ്പോള്‍ യാത്ര ചെയ്യുന്നവരുടെ പാസ്‍പോര്‍ട്ടുകളില്‍ പതിയ്ക്കുന്നത്. കഴിഞ്ഞ ദിവസങ്ങളില്‍ ദുബായ് വിമാനത്താവളത്തില്‍ നിന്ന് സ്വദേശങ്ങളിലേക്ക് പറന്നവരാണ് ഇവയുടെ ചിത്രങ്ങള്‍ പങ്കുവെച്ചത്.

പ്രത്യേക സ്റ്റിക്കറുകള്‍ തയ്യാറാക്കിയതായി ജനറല്‍ ഡയറക്ടറേറ്റ് ഓഫ് റെസിഡന്‍സി ആന്റ് അഫയേഴ്സ് ട്വിറ്ററിലൂടെ അറിയിക്കുകയും ചെയ്തു. സുരക്ഷിതമായ വിമാന യാത്ര ആശംസിക്കുന്ന സന്ദേശത്തോടൊപ്പം ഉടനെ വീണ്ടും കാണാമെന്നും രേഖപ്പെടുത്തിയിരിക്കുന്നു. 

വിമാനവിലക്കിന് മുമ്പ് യുഎഇയില്‍ കുടുങ്ങിപ്പോയ വിദേശികളെയും സ്വന്തം രാജ്യത്തേക്ക് മടങ്ങാന്‍ ആഗ്രഹിക്കുന്നവരെയുമാണ് ഇപ്പോള്‍ പ്രത്യേക വിമാനങ്ങളില്‍ തിരിച്ചയക്കുന്നത്. അതത് രാജ്യങ്ങള്‍ അനുമതി നല്‍കുന്നതിനനുസരിച്ചാണ് സര്‍വീസുകള്‍. ഈ വിമാനങ്ങളില്‍ തിരികെ യുഎഇയിലേക്ക് സര്‍വീസുകളുമില്ല.