ദുബൈ: യുഎഇയില്‍ കുടുങ്ങിക്കിടക്കുന്ന മലയാളികള്‍ക്ക് ആശ്വാസ വാര്‍ത്ത. തിങ്കളാഴ്ച മുതല്‍ എമിറേറ്റ്‌സ് കൊച്ചിയിലേക്കും തിരുവനന്തപുരത്തേക്കും പ്രത്യേക സര്‍വീസ് നടത്തും. കൊറോണ പടര്‍ന്നതോടെ യുഎഇയില്‍ കുടുങ്ങിയവര്‍ക്ക് അവരവരുടെ മാതൃ രാജ്യത്തേക്ക് മടങ്ങാനുള്ള അവസരമാണ് എമിറേറ്റ്‌സ് ഒരുക്കുന്നത്.

ലോകത്തിലെ 14 നഗരങ്ങൡലേക്കാണ് എമിറേറ്റ്‌സ് പ്രത്യേക സര്‍വീസുകള്‍ പ്രഖ്യാപിച്ചത്. കൊച്ചി തിരുവനന്തപുരം നഗരങ്ങളിലേക്ക് പ്രത്യേക വിമാനങ്ങള്‍ ഉണ്ടാകും. ഈ മാസം ആറു മുതല്‍ ആണ് പ്രത്യേക അനുമതി വാങ്ങിയുള്ള സര്‍വീസുകള്‍. ആളുകളെ ഒഴിപ്പിക്കുന്നതിന് എമിറേറ്റ്‌സ് നേരത്തെ തന്നെ ഇന്ത്യ ഉള്‍പ്പെടെയുള്ള രാജ്യങ്ങളുടെ അനുമതി തേടിയിരുന്നു.

കഴിഞ്ഞ ദിവസമാണ് ഇന്ത്യ പ്രത്യേക വിമാന സര്‍വീസിന് അനുമതി നല്‍കിയത്. യുഎഇയില്‍ കുടുങ്ങി കിടക്കുന്ന ആയിരക്കണക്കിന് പ്രവാസികള്‍ക്ക് ഇത് വലിയ ആശ്വാസം പകരും. എയര്‍ അറേബ്യയും പ്രത്യേക സര്‍വീസ് നടത്താന്‍ ശ്രമങ്ങള്‍ നടത്തുന്നതായാണ് വിവരം.