ഷാര്‍ജ: അമിത വേഗത്തില്‍ കാറോടിച്ച 18 വയസുകാരന്‍ യുഎഇയില്‍ വാഹനാപകടത്തില്‍ മരിച്ചു. ഞായറാഴ്‍ച രാത്രിയായിരുന്നു സംഭവം. എയര്‍പോര്‍ട്ട് റോഡില്‍ നാലാമത്തെയും അഞ്ചാമത്തെയും ഇന്റര്‍സെക്ഷനുകള്‍ക്കിടയില്‍വെച്ച് മറ്റൊരു വാഹനവുമായി കൂട്ടിയിടിച്ചാണ് അപകടം സംഭവിച്ചത്.

വാഹനം ഓടിച്ചിരുന്ന 18 വയസുകാരന്‍ സംഭവ സ്ഥലത്തുവെച്ചുതന്നെ മരിച്ചു. അപകടം സംബന്ധിച്ച വിവരം ലഭിച്ചയുടന്‍ തന്നെ പൊലീസ് പട്രോള്‍ സംഘങ്ങളും നാഷണല്‍ ആംബുലന്‍സും സ്ഥലത്ത് കുതിച്ചെത്തി. മരണപ്പെട്ട യുവാവിന് പുറമെ പതിനേഴും പതിനഞ്ചും വയസ് വീതം പ്രായമുള്ള രണ്ട് പേരായിരുന്നു വാഹനത്തിലുണ്ടായിരുന്നത്. ഇവര്‍ രണ്ട് പേര്‍ക്കും ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്. അപകടത്തില്‍പെട്ട രണ്ടാമത്തെ വാഹനം ഓടിച്ചിരുന്ന 30 വയസുകാരനായ വിദേശിക്ക് നിസാര പരിക്കുകളുണ്ട്. ഇതേ വാഹനത്തിലുണ്ടായിരുന്ന മറ്റ് രണ്ട് പേര്‍ക്കും പരിക്കുകളുണ്ട്.