മസ്കത്ത്: ഒമാനില്‍  ഇന്ന്   322  പേർക്ക് പുതുതായി  കൊവിഡ് ബാധ സ്ഥിരീകരിച്ചു. ഇതിൽ  242 വിദേശികളും 80  പേർ  ഒമാൻ സ്വദേശികളുമാണ്.ഇതോടെ രാജ്യത്ത് വൈറസ്  ബാധിച്ചവരുടെ എണ്ണം 4341 ലെത്തി. 1303  പേർ സുഖം പ്രാപിച്ചു.  ഇതുവരെ 61000  കൊവിഡ്  19 പരിശോധനകളാണ് നടത്തിയത്. നിലവിൽ 96 പേരാണ്  രാജ്യത്തെ വിവിധ  ആശുപത്രികളിൽ ചികിത്സയിലുള്ളത്. ഇതിൽ 31പേർ  തീവ്ര പരിചരണ വിഭാഗത്തിലാണുള്ളതെന്നും ഒമാൻ ആരോഗ്യ മന്ത്രി ഡോക്ടർ അഹമ്മദ് മുഹമ്മദ്  അൽ സൈദി  വാർത്താസമ്മേളനത്തിൽ  വ്യക്തമാക്കി. 

രാജ്യത്ത്  കൊവിഡ് 19 ബാധിച്ച  വിദേശികളുടെ ചികിത്സാ ചിലവ്  വഹിക്കേണ്ടത് സ്പോൺസറുമാരുടെ ഉത്തരവാദിത്തമാണെന്ന് ഒമാൻ സുപ്രിംകമ്മറ്റി വ്യക്തമാക്കി. സ്പോണ്‍സര്‍മാരില്ലാത്ത   വിദേശികളുടെ ചികിത്സാ ചെലവ് ഒമാൻ ആരോഗ്യമന്ത്രാലയം  വഹിക്കും. ചില സ്പോൺസറുമാരുടെ   നിരുത്തരവാദപരമായ സമീപനങ്ങൾ  രാജ്യത്ത് രോഗബാധ വർധിക്കാൻ കാരണമായിട്ടുണ്ട്. വാദികബീറിലും, ഹമറിയായിലും സ്ഥിരമായി താമസിച്ചു വരുന്ന വിദേശികൾക്കിടയിലാണ് ഇപ്പോൾ സാമൂഹ്യവ്യാപനം  കൂടുതലായി റിപ്പോർട്ട് ചെയ്യപ്പെടുന്നതെന്നും ആരോഗ്യമന്ത്രി  അറിയിച്ചു .

ചെറിയ പെരുനാളിനോടനുബന്ധിച്ചിട്ടുള്ള  ഒത്തുചേരലുകൾ  ഒരു കാരണവശാലും   അനുവദിക്കില്ലെന്ന് റോയൽ ഒമാൻ പൊലീസ് ഡയറക്ടർ ജനറൽ ബ്രിഗേഡിയർ സൈദ് അൽ സാൽമി പറഞ്ഞു. സാമൂഹിക ഒത്തുചേരലുകൾ സംബന്ധിച്ച് വിവരം  ലഭിച്ചാൽ ഉടൻ  നടപടി സ്വീകരിക്കുമെന്നും അൽ സാൽമി മുന്നറിയിപ്പ് നല്‍കി.