അബുദാബി: റഷ്യയുടെ സ്പുട്‌നിക് V കൊവിഡ് വാക്‌സിന്‍റെ മൂന്നാം ഘട്ട ക്ലിനിക്കല്‍ ട്രയലുകള്‍ അബുദാബിയില്‍ ആരംഭിച്ചു. ആദ്യഘട്ടത്തില്‍ 500 പേരിലാണ് വാക്‌സിന്‍ പരീക്ഷിക്കുന്നത്. കൊവിഡ് ബാധിച്ചിട്ടില്ലാത്ത, 14 ദിവസത്തിനിടെ സാംക്രമിക രോഗങ്ങള്‍ പിടിപെടാത്തവരെയാണ് ഇതിനായി തെരഞ്ഞെടുക്കുക.

വാക്‌സിന്‍ ട്രയലിന് സന്നദ്ധരാകുന്നവര്‍ 18 വയസ്സിന് മുകളില്‍ പ്രായമുള്ളവരായിരിക്കണം. ഇവര്‍ മറ്റ് വാക്‌സിന്‍ പരീക്ഷണത്തില്‍ പങ്കെടുക്കരുത്. 'വാക്‌സിന്‍ ഫോര്‍ വിക്ടറി' എന്ന ക്യാമ്പയിന്റെ ഭാഗമായുള്ള ക്ലിനിക്കല്‍ ട്രയലുകളില്‍ സ്വദേശികള്‍ക്കും താമസക്കാര്‍ക്കും പങ്കെടുക്കാം. സന്നദ്ധരായവര്‍  www.v4v.ae എന്ന വെബ്‌സൈറ്റില്‍ രജിസ്റ്റര്‍ ചെയ്യണം. ട്രയലില്‍ പങ്കെടുക്കുന്നവര്‍ക്ക് 20 ദിവസത്തിനിടെ വാക്‌സിന്റെ രണ്ട് ഡോസുകളാണ് നല്‍കുക. യുഎഇയിലെ രണ്ടാമത്തെ കൊവിഡ് വാക്‌സിന്‍ ട്രയലാണിത്. നേരത്തെ ചൈനയുമായി സഹകരിച്ച് വാക്‌സിന്‍ പരീക്ഷണം നടത്തിയിരുന്നു.