അബുദാബിയില്‍ മലയാളികള്‍ നടത്തുന്ന ഫുഡ് കെയര്‍ റസ്റ്റോറന്റ് സ്ഥിതി ചെയ്യുന്ന കെട്ടിടത്തില്‍ തിങ്കളാഴ്ച ഉച്ചയോടെയുണ്ടായ പൊട്ടിത്തെറിയിലാണ് ആലപ്പുഴ സ്വദേശിയായ ശ്രീകുമാറിന് ജീവന്‍ നഷ്ടമായത്.

അബുദാബി: അബുദാബിയില്‍ തിങ്കളാഴ്‍ച ഗ്യാസ് സിലിണ്ടര്‍ പൊട്ടിത്തെറിച്ചുണ്ടായ അപകടത്തില്‍ മരണപ്പെട്ട രണ്ട് പേരിലൊരാള്‍ മലയാളിയാണെന്ന് കഴിഞ്ഞ ദിവസം അധികൃതര്‍ സ്ഥിരീകരിച്ചു. ആലപ്പുഴ ചെങ്ങന്നൂര്‍ വെണ്‍മണി പാലത്തിട്ട മലയില്‍ വീട്ടില്‍ ശ്രീകുമാര്‍ (43) ആണ് മരിച്ചത്. മരണപ്പെട്ട രണ്ടാമത്തെയാള്‍ പാകിസ്ഥാന്‍ സ്വദേശിയാണ്.

പാചക വാതക സിലിണ്ടര്‍ പൊട്ടിത്തെറിച്ചുണ്ടായ അപകടത്തില്‍ പരിക്കേറ്റ് ചികിത്സയില്‍ കഴിയുന്ന 120 പേരില്‍ 106 പേരും ഇന്ത്യക്കാരാണെന്ന് അബുദാബിയിലെ ഇന്ത്യന്‍ എംബസി വ്യക്തമാക്കി. 56 പേര്‍ക്ക് സാരമായ പരിക്കും 64 പേര്‍ക്ക് നിസ്സാര പരിക്കുമാണുള്ളത്. മലയാളികളടക്കമുള്ളവര്‍ ഇപ്പോള്‍ ഗുരുതരാവസ്ഥയില്‍ ആശുപത്രിയില്‍ കഴിയുന്നുണ്ട്. മലയാളികള്‍ നടത്തുന്ന ഫുഡ് കെയര്‍ റസ്റ്റോറന്റ് സ്ഥിതി ചെയ്യുന്ന കെട്ടിടത്തില്‍ തിങ്കളാഴ്ച ഉച്ചയോടെയായിരുന്നു അപകടമുണ്ടായത്.

യുഎഇയില്‍ ഗ്യാസ് സിലിണ്ടര്‍ പൊട്ടിത്തെറിച്ചത് മലയാളി റെസ്റ്റോറന്‍റില്‍; രണ്ടു മരണം, 120 പേര്‍ക്ക് പരിക്ക്

ആദ്യം ചെറിയ തോതിലള്ള പൊട്ടിത്തെറിയാണുണ്ടായത്. ഉടന്‍ തന്നെ അബുദാബി പൊലീസും സിവില്‍ ഡിഫന്‍സും സ്ഥലത്തെത്തി രക്ഷാപ്രവര്‍ത്തനം തുടങ്ങി. എന്നാല്‍ മിനിറ്റുകള്‍ക്ക് ശേഷം വീണ്ടും പൊട്ടിത്തെറിയുണ്ടായതാണ് അപകടത്തിന്റെ വ്യാപ്‍തി വര്‍ദ്ധിപ്പിച്ചത്. സമീപത്തെ കടകള്‍ക്കും ആറ് കെട്ടിടങ്ങള്‍ക്കും നാശനഷ്ടങ്ങള്‍ സംഭവിച്ചു. വന്‍ ശബ്ദത്തോടെയുണ്ടായ അപകടത്തില്‍ സമീപ ഷോപ്പുകളിലെയും ഫ്ലാറ്റുകളിലെയും ഗ്ലാസുകളും മറ്റും പൊട്ടിത്തെറിച്ചു. സമീപം പാര്‍ക്ക് ചെയ്ത വാഹനങ്ങള്‍ക്കും കേടുപാടുകള്‍ സംഭവിച്ചു.

ഗ്യാസ് സിലിണ്ടര്‍ പൊട്ടിത്തെറിച്ച കെട്ടിടത്തിന്റെ തൊട്ടടുത്ത കെട്ടിടത്തിലായിരുന്നു മരണപ്പെട്ട ശ്രീകുമാര്‍ ജോലി ചെയ്‍തിരുന്നത്. പൊട്ടിത്തെറിയുടെ ആഘാതത്തില്‍ ജനലിലൂടെ തെറിച്ചുവീണ ലോഹ കഷണം അദ്ദേഹത്തിന്റെ ശരീരത്തില്‍ തുളച്ചു കയറുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ അദ്ദേഹത്തെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാന്‍ സാധിച്ചില്ല.

യുഎഇയില്‍ പാചകവാതക സിലിണ്ടര്‍ പൊട്ടിത്തെറിച്ചു

ദീര്‍ഘകാലം പ്രവാസിയായിരുന്ന ശ്രീകുമാര്‍ കുറച്ചുനാള്‍ നാട്ടില്‍ കഴിഞ്ഞ ശേഷം കഴിഞ്ഞ ഫെബ്രുവരിയിലാണ് വീണ്ടും അബുദാബിയില്‍ തിരിച്ചെത്തി ഖയാമത്ത് കമ്പനിയില്‍ ജോലിയില്‍ പ്രവേശിച്ചത്. സാധാരണയായി രാത്രിയില്‍ ജോലി ചെയ്‍തിരുന്ന ശ്രീകുമാറിന് തിങ്കളാഴ്ച അപ്രതീക്ഷിതമായി പകല്‍ ജോലി ചെയ്യേണ്ടി വന്നു. ഇന്ന് തന്നെയുണ്ടായ അപകടത്തില്‍ ജീവന്‍ നഷ്ടമാവുകയും ചെയ്‍തു.

അപകട വിവരമറിഞ്ഞ് ദുബൈയിലുണ്ടായിരുന്ന ശ്രീകുമാറിന്റെ സഹോദരന്‍ അബുദാബിയിലെത്തിയിരുന്നു. രാമകൃഷ്ണന്‍ നായര്‍ - പൊന്നമ്മ ദമ്പതികളുടെ മകനാണ്. ഭാര്യ - കൃഷ്ണകുമാരി. മക്കള്‍ - അനുശ്രീ, ധനുശ്രീ. സഹോദരങ്ങള്‍ - നന്ദകുമാര്‍, ശ്രീകുമാരി. നടപടികള്‍ പൂര്‍ത്തിയാക്കിയ ശേഷം മൃതദേഹം നാട്ടിലെത്തിക്കാനുള്ള ശ്രമം തുടരുന്നു.

Scroll to load tweet…