ദുബായ്: ദുബായില്‍ ശുചീകരണ തൊഴിലാളിയായ ഒരാള്‍ തന്റെ ജോലിക്കിടെ വഴിയരികില്‍ പൊഴിഞ്ഞുവീണ കരിയിലകള്‍ കൊണ്ട്  ഹൃദയത്തിന്റെ ചിത്രം വരച്ചു. കുറച്ച് നിമിഷങ്ങള്‍ മാത്രം ആ ചിത്രം നോക്കി നിന്ന ശേഷം അയാള്‍ കരിയിലകള്‍ നീക്കം ചെയ്ത് വീണ്ടും ജോലി തുടര്‍ന്നു. നിഷ്‌കളങ്കത വ്യക്തമാക്കുന്ന ചിത്രം വ്യാപകമായി പ്രചരിച്ചു. നിരവധി ആളുകള്‍ അദ്ദേഹത്തെ അന്വേഷിച്ചു, ഒടുവില്‍ കണ്ടെത്തി...ദിവസങ്ങളോളം സോഷ്യല്‍ മീഡിയ തെരഞ്ഞ ആ വൈറല്‍ വ്യക്തി ഒരു ഇന്ത്യക്കാരനാണ്. പിറന്ന മണ്ണും കുടുംബവും ഉപേക്ഷിച്ച് ഗള്‍ഫിലേക്ക് വിമാനം കയറുന്ന ലക്ഷക്കണക്കിന് പ്രവാസികളുടെ പ്രതിനിധി.

ജൂലൈ 15ന് ദുബായില്‍ തന്റെ ഒരു ദിവസത്തെ ഓഫീസ് ജോലികള്‍ തീര്‍ക്കുന്ന തിരക്കിനിടയില്‍ നെസ്മ ഫറാഹത് എന്ന വ്യക്തി ജനാലയിലൂടെ ഒരു കാഴ്ച കണ്ടു. ശുചീകരണ തൊഴിലാളിയായ ഒരാള്‍ നിലത്ത് വീണ് കിടന്ന കരിയിലകള്‍ ചേര്‍ത്ത് വെച്ച് ഹൃദയത്തിന്റെ ആകൃതിയില്‍ ഒരു ചിത്രം നിര്‍മ്മിക്കുന്നു. കൗതുകം ജനിപ്പിച്ച ആ രംഗം നെസ്മ ക്യാമറയില്‍ പകര്‍ത്തി. പിന്നീട് സാമൂഹിക മാധ്യമങ്ങളില്‍ ചിത്രം വൈറലായി. നിരവധി അന്വേഷണങ്ങള്‍ക്കൊടുവില്‍ അബുദാബി കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന ഇംഗ്ലീഷ് മാധ്യമം 'ദി നാഷണല്‍' ശുചീകരണ തൊഴിലാളിയായ ആ വ്യക്തിയെ കണ്ടെത്തി. 

തെലങ്കാനയില്‍ നിന്നുള്ള രമേഷ് ഗംഗാരാജം ഗാന്ദിയെന്ന യുവാവാണത്. ദുബായിലെ ഒരു സ്വകാര്യ കമ്പനിയുടെ ഹൗസ് കീപ്പിങ് ജോലിക്കായി 10 മാസം മുമ്പാണ് നാടുവിട്ട് ഗാന്ദി വിദേശത്തെത്തിയത്. യുഎഇയിലേക്ക് വരുന്നതിന് ഒരു മാസം മുമപായിരുന്നു ഗാന്ദിയുടെ വിവാഹം. വിവാഹശേഷം അധികം വൈകാതെ തന്നെ വീടും വീട്ടുകാരെയും ഉപേക്ഷിച്ച് അദ്ദേഹത്തിന് യാത്ര പുറപ്പെടേണ്ടി വന്നു. അപ്രതീക്ഷിതമായി കൊവിഡ് പൊട്ടിപ്പുറപ്പെട്ടതോടെ നാട്ടിലെത്താന്‍ കഴിയാത്ത ഏതൊരു പ്രവാസിയയെും പോലെ ഗാന്ദിയും കുടുംബത്തെ ഓര്‍ത്ത് ആശങ്കപ്പെട്ടു. ആ ദിവസം ജോലിക്കിടെ ഭാര്യയെപ്പറ്റി ആലോചിക്കുകയും കുറച്ച് സമയം അവര്‍ക്കൊപ്പം ചെലവഴിക്കാന്‍ കഴിഞ്ഞിരുന്നെങ്കില്‍ എന്ന് അതിയായി ആഗ്രഹിക്കുകയും ചെയ്തതായി ഗാന്ദി ഓര്‍ത്തെടുക്കുന്നു. തന്നെപ്പോലെ ഒട്ടേറെ പ്രവാസികള്‍ തങ്ങളുടെ പ്രിയപ്പെട്ടവരെ പിരിഞ്ഞിരിക്കുന്നതില്‍ വിഷമിക്കുകയാണെന്നും ഗാന്ദി 'ദി നാഷണലി'നോട് പറഞ്ഞു.

ജൂലൈ 19ന് ഇന്‍സ്റ്റാഗ്രാമില്‍ പങ്കുവെച്ച ഫോട്ടോ വൈറലാകുകയും നിരവധി ആളുകള്‍ നെസ്മയോട് ഫോട്ടോയിലെ വ്യക്തിയെക്കുറിച്ച് അന്വേഷിക്കുകയും ചെയ്തു. ഷാര്‍ജ ഭരണാധികാരി ശൈഖ് ഡോ. സുല്‍ത്താന്‍ ബിന്‍ മുഹമ്മദ് അല്‍ ഖാസിമി തന്‍റെ ഇന്‍സ്റ്റാഗ്രാം സ്റ്റോറിയായി ഈ ചിത്രം പങ്കുവെച്ചു. ഒടുവില്‍ ദിവസങ്ങള്‍ക്കിപ്പുറമാണ് സോഷ്യല്‍ മീഡിയയിലെ വൈറല്‍ വ്യക്തിയെ തിരിച്ചറിയുന്നത്.  

കൊവിഡ് പ്രതിസന്ധിയിലാക്കിയ പ്രവാസി സമൂഹത്തിന്‍റെ പ്രതിനിധിയാണ് രമേഷ് ഗംഗാരാജം ഗാന്ദി. ഇദ്ദേഹത്തെ പോലെ നാടണയാന്‍, പ്രിയപ്പെട്ടവരെ ചേര്‍ത്തുപിടിക്കാന്‍ കൊതിക്കുന്ന ലക്ഷണക്കണക്കിന് പ്രവാസികള്‍ ഇപ്പോഴും ഗള്‍ഫിലുണ്ട്.