കുവൈത്തിൽ നായ്ക്കളെ വളർത്തുന്നവർക്കായി ആഭ്യന്തര മന്ത്രാലയം കർശന മാർഗനിർദേശങ്ങൾ പുറപ്പെടുവിച്ചു. ലൈസൻസ്, വാക്സിനേഷൻ, പൊതുസ്ഥലങ്ങളിൽ ഇറക്കുമ്പോഴുള്ള നിയന്ത്രണങ്ങൾ എന്നിവ പാലിക്കാത്തവർക്ക് തടവോ പിഴയോ ലഭിക്കും. പൊതുജനങ്ങളുടെ സുരക്ഷയും മൃഗങ്ങളുടെ സംരക്ഷണവും ഉറപ്പാക്കാനാണ് ഈ പുതിയ നിയമങ്ങൾ.
കുവൈത്ത് സിറ്റി: കുവൈത്തിൽ നായ്ക്കളെ വളർത്തുന്നവർക്കായി കർശന മാർഗനിർദേശങ്ങൾ പുറപ്പെടുവിച്ച് ആഭ്യന്തര മന്ത്രാലയം. നിയമങ്ങൾ ലംഘിക്കുന്നവർക്ക് ഒരു മാസം വരെ തടവോ 30 ദിനാറിലധികം പിഴയോ അല്ലെങ്കിൽ രണ്ടും കൂടിയോ ലഭിക്കുമെന്ന് മന്ത്രാലയം മുന്നറിയിപ്പ് നൽകി.
പൊതുജനങ്ങളുടെ സുരക്ഷ ഉറപ്പാക്കുന്നതിനും മൃഗങ്ങളുടെ സംരക്ഷണത്തിനും താമസമേഖലകളിലും പൊതുസ്ഥലങ്ങളിലും ശുചിത്വം നിലനിർത്തുന്നതിനുമാണ് പുതിയ നിർദേശങ്ങൾ പുറപ്പെടുവിച്ചിരിക്കുന്നത്. നായ്ക്കളെ വളർത്തുന്നവർ നിർബന്ധമായും ഔദ്യോഗിക ലൈസൻസ് നേടിയിരിക്കണം. ഓരോ നായയുടെയും കഴുത്തിൽ തിരിച്ചറിയൽ നമ്പർ രേഖപ്പെടുത്തിയ മെറ്റൽ ടാഗോടുകൂടിയ കോളർ ഉണ്ടായിരിക്കണം.
അംഗീകൃത വെറ്ററിനറി കേന്ദ്രങ്ങളിൽ നായ്ക്കളെ ആരോഗ്യപരിശോധനയ്ക്ക് വിധേയമാക്കുകയും പേവിഷബാധയ്ക്കെതിരായ പ്രതിരോധ കുത്തിവയ്പ്പുകൾ നൽകുകയും വേണം. വർഷം തോറും ബൂസ്റ്റർ വാക്സിനേഷനും നിർബന്ധമാണ്. പൊതുറോഡുകളിലും നടപ്പാതകളിലും മറ്റ് പൊതുസ്ഥലങ്ങളിലും നായ്ക്കളുമായി പുറത്തിറങ്ങുമ്പോൾ നിയന്ത്രണച്ചങ്ങലയും വായ മൂടാനുള്ള ഉപകരണങ്ങളും ഉപയോഗിക്കണം.
നായയ്ക്ക് പേവിഷബാധയുണ്ടെന്നോ രോഗബാധ സംശയിക്കുന്നതായോ കണ്ടെത്തിയാൽ ഉടൻ വെറ്ററിനറി കേന്ദ്രത്തെ അറിയിക്കണം. പേവിഷബാധയേറ്റതോ രോഗബാധ സംശയിക്കുന്നതോ ആയ മൃഗങ്ങളുടെ ജഡങ്ങൾ അധികൃതരുടെ നിർദേശമില്ലാതെ സംസ്കരിക്കുന്നതും നിരോധിച്ചിട്ടുണ്ട്. ലൈസൻസ്, തിരിച്ചറിയൽ രേഖകൾ, പ്രതിരോധ കുത്തിവയ്പ്പുകൾ എന്നിവ സംബന്ധിച്ച എല്ലാ നിയമങ്ങളും നായ്ക്കളുടെ ഉടമകൾ കർശനമായി പാലിക്കണമെന്ന് ആഭ്യന്തര മന്ത്രാലയം ആവശ്യപ്പെട്ടു. പൊതുജനങ്ങളുടെ ആരോഗ്യവും സുരക്ഷയും ഉറപ്പാക്കുന്നതിനൊപ്പം മൃഗങ്ങളുടെ ക്ഷേമം സംരക്ഷിക്കുന്നതിനും ഉടമകൾ ഉത്തരവാദിത്വത്തോടെ പ്രവർത്തിക്കണമെന്നും മന്ത്രാലയം വ്യക്തമാക്കി.


